കേരളം
അട്ടപ്പാടിയില്‍ ശിശുമരണങ്ങള്‍ ; മന്ത്രി കെ രാധാകൃഷ്ണനും വീണാ ജോര്‍ജും ഇന്ന് അട്ടപ്പാടിയില്‍
അട്ടപ്പാടിയില്‍ ശിശുമരണങ്ങള്‍ കൂടുന്ന സാഹചര്യത്തില്‍ പട്ടിക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ ഇന്ന് അട്ടപ്പാടിയില്‍ എത്തും. അഗളിയില്‍ രാവിലെ പത്ത് മണിക്ക് യോഗം ചേരും. ആരോഗ്യ മന്ത്രി വീണാ ജോര്‍ജും ഇന്ന് അട്ടപ്പാടിയില്‍ എന്നും.
വിഷയം പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വകുപ്പ് ഡയറക്ടര്‍മാര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. അട്ടപ്പാടിയിലെ ശിശുമരണങ്ങളെ ഗൗരവത്തോടെയാണ് ആരോഗ്യ വകുപ്പും കാണുന്നത്. നാല് ദിവസത്തിന് ഇടയില്‍ അഞ്ച് കുഞ്ഞുങ്ങളാണ് അട്ടപ്പാടിയില്‍ മരിച്ചത്. അതില്‍ മൂന്ന് മരങ്ങള്‍ നടന്നത് 24 മണിക്കൂറിന് ഇടയില്‍.
അട്ടപ്പാടിയിലെ ഗര്‍ഭിണികള്‍ക്ക് പോഷകാഹാരം വാങ്ങുന്നതിനായി പ്രതിമാസം 2000 രൂപയാണ് നല്‍കി വന്നിരുന്നത്. എന്നാല്‍ മൂന്ന് മാസമായി തുക നല്‍കിയിട്ടില്ല. ഈ വര്‍ഷം 10 നവജാത ശിശുക്കളാണ് അട്ടപ്പാടിയില്‍ മരിച്ചത്. സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
വെള്ളിയാഴ്ച ആറ് വയസുകാരി സെറിബ്രല്‍ പാള്‍സി ബാധിച്ച് മരിച്ചിരുന്നു. കടുകുമണ്ണ ഊരിലെ ജെക്കി-ചെല്ലന്‍ ദമ്പതികളുടെ മകള്‍ ശിവരഞ്ജിനിയാണ് മരിച്ചത്. ഇത് കൂടാതെ രണ്ട് ശിശുമരണങ്ങള്‍ കൂടി 24 മണിക്കൂറിനുള്ളില്‍ ഉണ്ടായി. അട്ടപ്പാടിയിലുള്ളവര്‍ ആശ്രയിക്കുന്ന ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ഗര്‍ഭിണികള്‍ക്ക് വിദഗ്ധ ചികിത്സ ലഭിക്കുന്നില്ലെന്നാണ് പരാതി.