കേരളം
ഭരണസമിതി അംഗത്വത്തിൽ നിന്ന് ഒഴിവാക്കണം; ചലച്ചിത്ര അക്കാദമിയോട് നടൻ ഇന്ദ്രൻസ്
സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതി അംഗത്വത്തിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് നടൻ ഇന്ദ്രൻസ്. സിനിമകളുടെ തിരക്കും അഭിനയിച്ച പല സിനിമകളും അവാർഡിന് പരിഗണിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പിൻമാറ്റം. അക്കാദമി ചെയർമാനായ രഞ്ജിത്തിനും സെക്രട്ടറിക്കും നൽകിയ ഇ-മെയിൽ സന്ദേശത്തിലാണ് ഇന്ദ്രൻസിന്റെ ആവശ്യം.
എളിയ ചലച്ചിത്രപ്രവർത്തകനായ തന്നെ കേരള ചലച്ചിത്ര അക്കാദമി പോലൊരു ഉന്നത സ്ഥാപനത്തിലെ ഭരണസമിതി അംഗമായി പരിഗണിച്ചതിൽ നന്ദി അറിയിക്കുന്നതായി ഇന്ദ്രൻസ് ഇ-മെയിലിൽ പറയുന്നു. വിവിധ സിനിമകളുടെ ഭാഗമായി താൻ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ അണിയറപ്രവർത്തകർ വിവിധ അവാർഡുകൾക്കായി ചലച്ചിത്ര അക്കാദമിയിലേക്ക് അടക്കം അവരവരുടെ ചലച്ചിത്രങ്ങൾ അയക്കുന്നുണ്ട്.
അതിനാൽ താൻ കൂടി ഭാഗമായ അക്കാദമിയുടെ സമിതിയിൽ ഇരുന്നുള്ള അവാർഡ് നിർണയരീതി ധാർമികമായി ശരിയല്ല എന്ന് താൻ വിശ്വസിക്കുന്നു എന്നും ഇന്ദ്രൻസ് പറയുന്നു. താൻ അക്കാദമിയിൽ അംഗമായതിന്റെ പേരിൽ അവരുടെ കലാസൃഷ്ടികൾ അവാർഡിന് പരിഗണിക്കപ്പെടുന്നതിൽ നിന്ന് തള്ളിപ്പോകാൻ പാടില്ലെന്നും ഇന്ദ്രൻസ് ഇ-മെയിലിൽ പറയുന്നു.