കേരളം
മകനെ മര്‍ദിച്ചത് തടയാനെത്തിയ പിതാവ് മരിച്ച സംഭവം: ഹൃദയാഘാതമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
ആലുവ ആലങ്ങാട് മകനെ മര്‍ദിക്കുന്നത് തടയാനെത്തിയ പിതാവ് മരിച്ച സംഭത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഹൃദയ സ്തംഭനം മൂലമാണ് വിമല്‍ കുമാര്‍ മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. വിമല്‍ കുമാറിന്റെ ദേഹത്ത് പരിക്കില്ലെന്ന് പൊലീസ് പറഞ്ഞു.
ആലങ്ങാട് നീറിക്കോട് കൈപ്പെട്ടി കൊല്ലംപറമ്പില്‍ വിമല്‍കുമാര്‍ (54) ആണ് മരിച്ചത്. ലഹരിമരുന്നു മാഫിയ സംഘത്തിന്റെ മര്‍ദനത്തെ തുടര്‍ന്നാണ് മരണമെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആലങ്ങോട് സ്വദേശികളായ നിധിന്‍, തൗഫീഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പ്രതികള്‍ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. അന്യായമായി തടഞ്ഞുവയ്ക്കല്‍, ദേഹോപദ്രവം എല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. താന്തോന്നി പുഴയുടെ തീരത്ത് ശനിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. ഇതുവഴി ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ വിമല്‍കുമാറിന്റെ വീടിന് സമീപം റോഡില്‍ വീണു. വിമല്‍കുമാറിന്റെ മകനും സുഹൃത്തും ചേര്‍ന്ന് ഇവരെ എഴുന്നേല്‍പ്പിച്ചു പറഞ്ഞുവിട്ടു. മടങ്ങിയ യുവാക്കള്‍ തിരിച്ചെത്തി ഇവരെ മര്‍ദിച്ചു. ബഹളം കേട്ട് വിമല്‍കുമാര്‍ വീട്ടില്‍ നിന്ന് ഓടിയെത്തി. ഇവരെ പിടിച്ചുമാറ്റാനുള്ള ശ്രമത്തിനിടെ യുവാക്കളില്‍ ഒരാള്‍ വിമല്‍കുമാറിന്റെ നെഞ്ചില്‍ ആഞ്ഞു തള്ളി. തുടര്‍ന്ന് നിലത്തുവീണ വിമല്‍കുമാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.