കേരളം
വനിത ശിശുവികസന വകുപ്പിന് കീഴിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി കെ.കെ ശൈലജ നിര്‍വഹിച്ചു
സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു.
അങ്കണവാടി പ്രവര്‍ത്തകര്‍ക്കുള്ള യൂണിഫോം വിതരണം, ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാര്‍ക്കുള്ള സമഗ്രചികിത്സ പദ്ധതി, മഹിളാ ശക്തികേന്ദ്ര പദ്ധതി, നവീകരിച്ച കോട്ടയം ജില്ലാ വനിതാ ശിശുവികസന ഓഫീസ് എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി നടത്തിയത്.
സ്ത്രീകളുടേയും കുട്ടികളുടേയും വികസനത്തിനായി വലിയ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നതെന്നും നിലവിലുള്ള പദ്ധതികള്‍ നല്ല രീതിയില്‍ കൊണ്ടു പോകുന്നോടൊപ്പം പുതിയ പദ്ധതികളും സംസ്ഥാന ശിശുവികസന വകുപ്പ് ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.
അങ്കണവാടി പ്രവര്‍ത്തകര്‍ക്കുള്ള യൂണിഫോം വിതരണം
വനിത ശിശുവികസന വകുപ്പിന് കീഴിലെ അങ്കണവാടികളില്‍ സേവനമനുഷ്ടിക്കുന്ന 33,115 അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും 32,986 ഹെല്‍പര്‍മാര്‍ക്കുമുള്ള യൂണിഫോം വിതരണത്തിന്റെ ഉദ്ഘാടനമാണ് നടന്നത്. ഒരാള്‍ക്ക് 400 രൂപ നിരക്കില്‍ ആകെ 5.29 കോടി രൂപയാണ് യൂണിഫോമിനായി അനുവദിച്ചത്.
അങ്കണവാടി വര്‍ക്കമാര്‍ക്കും ഹെല്‍പര്‍മാര്‍ക്കും അവര്‍ക്ക് അനുസൃതമായ 9 വിവിധ അളവുകളിലുള്ള രണ്ട് ഓവര്‍കോട്ട് വീതം ആകെ 1,32,202 ഓവര്‍കോട്ടുകളാണ് വിതരണം ചെയ്യുന്നത്.
വര്‍ക്കര്‍മാര്‍ക്ക് ഗ്രേ നിറത്തില്‍ ഗോള്‍ഡന്‍ യെല്ലോ നിറത്തില്‍ ഐ.സി.ഡി.എസ്. എംബ്ലം പതിപ്പിച്ച ഓവര്‍കോട്ടും ഹെല്‍പര്‍മാര്‍ക്ക് ചെറുപയര്‍ പച്ച നിറത്തില്‍ ഓഫ് വൈറ്റ് നിറത്തിലുള്ള ഐ.സി.ഡി.എസ്. എംബ്ലം പതിപ്പിച്ച ഓവര്‍കോട്ടുമാണ് വിതരണം ചെയ്യുന്നത്.
ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാര്‍ക്കുള്ള സമഗ്രചികിത്സ പദ്ധതി
തൃശൂര്‍, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലെ വനിതാ ശിശു വികസന വകുപ്പിന് കീഴിലെ ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാര്‍ക്കും കുട്ടികള്‍ക്കും സമഗ്ര ചികിത്സ ലഭ്യമാക്കുന്നതിനായാണ് ഹിന്ദുസ്ഥാന്‍ ലിവര്‍ ഫാമിലി പ്ലാനിംഗ് ട്രസ്റ്റിന്റെ സാങ്കേതിക സഹായത്തോടെ സമഗ്ര ചികിത്സാ പദ്ധതി ആവിഷ്‌ക്കരിച്ചത്.
സ്ഥാപനത്തിലെ എല്ലാ താമസക്കാരുടെയും കുട്ടികളുടെയും പുനരധിവാസത്തിന്റെ ഭാഗമായി വിദഗ്ദരുടെ സഹായത്തോടെ മാനസിക ശാരീരിക ചികിത്സ സംവിധാനങ്ങള്‍ ഒരുക്കുന്ന പദ്ധതിയാണിത്.
തിരുവനന്തപുരത്തെ 8 ഹോമുകളില്‍ പദ്ധതി തുടരുന്നതിനും തൃശൂര്‍ ജില്ലയിലെ 5ഹോമുകളിലും കോഴിക്കോട് ജില്ലയിലെ 6 ഹോമുകളിലും പദ്ധതി ആരംഭിക്കുന്നതിനും ധാരണയായിട്ടുണ്ട്.
മഹിളാ ശക്തികേന്ദ്ര പദ്ധതി സംസ്ഥാനതല ഉദ്ഘാടനം
ഗ്രാമീണ വനിതകള്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനം, സാങ്കേതിക പരിജ്ഞാനം, പോഷകാഹാര ആരോഗ്യ പദ്ധതി എന്നീ സേവനങ്ങള്‍ ഒരേ ഉറവിടത്തില്‍ നിന്നും ലഭ്യമാക്കി വനിതകളെ ശാക്തീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് മഹിളാ ശക്തികേന്ദ്ര.
ജില്ലാ തലത്തില്‍ എല്ലാ ജില്ലാ വനിതാ ശിശുവികസന ഓഫീസുകളിലും പ്രവര്‍ത്തിക്കുന്ന ഡി.എല്‍.സി.ഡബ്ല്യു. (District Level Cetnre for Women) വഴി സ്ത്രീ ശാക്തീകരണ പദ്ധതികള്‍, പ്രോഗ്രാമുകള്‍, സേവനങ്ങള്‍ എന്നിവ ഗ്രാമങ്ങളില്‍ എത്തിച്ചുകൊണ്ട് സംസ്ഥാനതലത്തേയും ബോക്ക് തലത്തേയും ഒന്നിപ്പിക്കുന്ന ഒരു ചങ്ങലയായി ഇത് പ്രവര്‍ത്തിക്കുന്നതാണ്. ഇതിലൂടെ ഗ്രാമത്തിലെ താഴെത്തട്ടില്‍ വരെ സ്ത്രീകള്‍ക്ക് സഹായം ലഭിക്കും.
മഹിള ശക്തികേന്ദ്ര പദ്ധതിയുടെ ഭാഗമായ ഡി.എല്‍.സി.ഡബ്ല്യു.വിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടൊപ്പം തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, പാലക്കാട്, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഈ സെന്ററിന്റെ പ്രവര്‍ത്തനങ്ങളും ആരംഭിക്കുന്നതുമാണ്.
നവീകരിച്ച കോട്ടയം ജില്ലാ വനിതാ ശിശുവികസന ഓഫീസ്
12.88 ലക്ഷം രൂപ ചെലവഴിച്ചാണ് കോട്ടയം ജില്ലാ വനിതാ ശിശുവികസന ഓഫീസ് നവീകരിച്ചത്. കോട്ടയം സിവില്‍ സ്റ്റേഷനിലെ ഒന്നാം നിലയാണ് നവീകരിച്ച് ജില്ലാ ഓഫീസാക്കി മാറ്റിയത്.
സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ പദ്ധതി വിശദീകരണം നടത്തി. വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ സ്വാഗതം പറഞ്ഞു.
വനിത ശിശുവികസന വകുപ്പ് ജോ. ഡയറക്ടര്‍ എസ്.എന്‍. ശിവന്യ ആശംസയും അഡീഷണല്‍ ഡയറക്ടര്‍ ബിന്ദു ഗോപിനാഥ് നന്ദിയും പറഞ്ഞു.
ജില്ലാതലത്തില്‍ തോമസ് ചാഴിക്കാടന്‍ എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍എ., കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ശാന്തകുമാരി, മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍, വിവിധ ജില്ലാ കളക്ടര്‍മാര്‍ എന്നിവര്‍ മുഖ്യാതിഥികളായി.