കേരളം
നടപ്പാക്കുന്നത് ശാസ്ത്രീയമായ സ്ട്രാറ്റജി; മൂന്നാം തരംഗം ഒന്നും രണ്ടും തരംഗത്തില്‍ നിന്നും വ്യത്യസ്തമെന്ന് മന്ത്രി വീണാ ജോർജ്
കോവിഡ് പ്രതിരോധനത്തിന് സംസ്ഥാനം ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നത് ശാസ്ത്രീയമായ സ്ട്രാറ്റജിയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സമ്പൂര്‍ണ അടച്ചിടല്‍ ജനങ്ങളുടെ ജീവിതത്തേയും ജീവിതോപാധിയേയും സാരമായി ബാധിക്കും. സംസ്ഥാനമാകെ അടച്ച് പൂട്ടിയാല്‍ ജനങ്ങളെല്ലാം സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകും. കടകള്‍ അടച്ചിട്ടാല്‍ വ്യാപാരികളെ ബാധിക്കും. വാഹനങ്ങള്‍ നിരത്തിലിറങ്ങാതെയിരുന്നാല്‍ അത് എല്ലാവരേയും ബാധിക്കും. അതിനാല്‍ തന്നെ ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത ശാസ്ത്രീയമായ സ്ട്രാറ്റജിയാണ് കേരളം ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
ജില്ലയിലെ ആശുപത്രികളിലെ രോഗികളുടെ എണ്ണം അനുസരിച്ചാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ ആകെ 1,99,041 ആക്ടീവ് കേസുകളില്‍ 3 ശതമാനം മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. മെഡിക്കല്‍ കോളേജുകളിലെ ഐസിയുവില്‍ പ്രവേശിക്കുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. ഡെല്‍റ്റ വകഭേദത്തെ അപേക്ഷിച്ച് ഒമൈക്രോണ്‍ പെട്ടെന്ന് വ്യാപിക്കുമെങ്കിലും ഗുരുതരാവസ്ഥ കുറവാണ്. എങ്കിലും പ്രായമായവരിലും അനുബന്ധ രോഗമുള്ളവരിലും വാക്‌സിനെടുക്കാത്തവരിലും രോഗം ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്.
ടിപിആര്‍ മാനദണ്ഡമാക്കുന്നത് വളരെ മുമ്പ് തന്നെ മാറ്റം വരുത്തിയിരുന്നു. ഇപ്പോള്‍ ടിപിആര്‍ മാനദണ്ഡമാക്കുന്നില്ല. കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് രോഗലക്ഷണമുള്ളവര്‍ക്ക് കോവിഡ് പരിശോധന നടത്തിയാല്‍ മതി. അതിനാല്‍ പരിശോധന നടത്തുന്ന വലിയൊരു വിഭാഗത്തിനും കോവിഡ് വരാന്‍ സാധ്യതയുണ്ട്. അപ്പോള്‍ സ്വാഭാവികമായും ടിപിആര്‍ ഉയര്‍ന്നു നില്‍ക്കും. കോവിഡ് ഒന്നും രണ്ടും തരംഗത്തില്‍ നിന്നും വ്യത്യസ്തമാണ് മൂന്നാം തരംഗമെന്ന് മന്ത്രി പറഞ്ഞു.
ആദ്യ തരംഗത്തില്‍ കോവിഡ് ബാധിച്ച് തുടങ്ങുമ്പോള്‍ ലോകത്താകമാനം വ്യക്തമായ പ്രോട്ടോകോളില്ലായിരുന്നു. അതിനാലാണ് രാജ്യമാകമാനം ലോക് ഡൗണിലേക്ക് പോയത്. രണ്ടാം തരംഗ സമയത്ത് ജനുവരിയോടെ കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു. ഇപ്പോള്‍ 18 വയസിന് മുകളിലുള്ളവരുടെ ആദ്യ ഡോസ് വാക്‌സിനേഷന്‍ 100 ശതമാനമാണ്. ഇതോടെ മഹാഭൂരിപക്ഷത്തിനും കോവിഡ് പ്രതിരോധ ശേഷി കൈവരിക്കാനായി.