കേരളം
പൊന്നമ്പലമേട്ടിലെ അനധികൃത പൂജ: നാരായണന് നമ്പൂതിരിയെ അറസ്റ്റ് ചെയ്യേണ്ട ആവശ്യമില്ലെന്ന് ഹൈക്കോടതി
പൊന്നമ്പലമേട്ടില്‍ അനധികൃതമായി പൂജ നടത്തിയ കേസിലെ ഒന്നാം പ്രതി വി നാരായണന് നമ്പൂതിരിയെ അറസ്റ്റ് ചെയ്യേണ്ട ആവശ്യമില്ലെന്ന് ഹൈക്കോടതി. ജസ്റ്റിസ് സിയാദ് റഹ്മാന്റേതാണ് ഉത്തരവ്. നാരായണന് നമ്പൂതിരി ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും ഉള്‍പ്പെടെയുള്ള വ്യവസ്ഥകളോടെയാണ് കോടതിയുടെ ഉത്തരവ്. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതോ പ്രതിയെ അടിയന്തരമായി അറസ്റ്റ് ചെയ്യേണ്ടതോ ആയ സാഹചര്യം നിലവിലില്ലെന്ന് കോടതി നിരീക്ഷിച്ചു.
പ്രതിയില്‍ ആരോപിക്കപ്പെട്ടിരിക്കുന്ന ആരാധനാലയങ്ങളെ അവഹേളിക്കല്‍, മതവികാരം വ്രണപ്പെടുത്തല്‍ മുതലായ കുറ്റങ്ങള്‍ നിലനില്‍ക്കുമോ എന്നതില്‍ സംശയമുണ്ടെന്നും അത് അന്വേഷണത്തില്‍ കണ്ടെത്തേണ്ടതാണെന്നും കോടതി പറഞ്ഞു. പൊന്നമ്പലമേട്ടില്‍ പൂജ നടത്തിയതില്‍ കവിഞ്ഞ് മതവികാരത്തെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ഏതെങ്കിലും പ്രവര്‍ത്തനങ്ങള്‍ പ്രതിയുടെ ഭാഗത്തുനിന്നും ഉണ്ടായതായി തെളിവില്ല. പൊന്നമ്പലമേട്ടില്‍ പൂജ നടത്തുന്നത് ഏതെങ്കിലും ഉത്തരവാദിത്തപ്പെട്ട അതോരിറ്റി വിലക്കിയതായുള്ള വിവരം കോടതിയ്ക്ക് മുന്നില്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വനമേഖലയിലേക്ക് അതിക്രമിച്ച് കയറിയ പ്രതി പൂജ നടത്തിയതല്ലാതെ വനത്തെ നശിപ്പിക്കുന്ന മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്തെങ്കിലും നടത്തിയതായി കണ്ടെത്തിയിട്ടില്ല. റിസര്‍വ് ഫോറസ്റ്റിലേക്കും വന്യജീവി സങ്കേതത്തിലേക്കും പ്രതി അതിക്രമിച്ച് കടന്നെന്നത് നിലനില്‍ക്കുമെങ്കിലും എന്തെങ്കിലും വനനശീകരണ പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്നും ഉത്തരവില്‍ പറയുന്നുണ്ട്. വാക്കത്തി കൊണ്ട് പ്രതികള്‍ പ്രദേശത്തെ കുറച്ച് കുറ്റിച്ചെടികള്‍ വെട്ടിമാറ്റിയതായി ആരോപണമുണ്ടെന്നിരിക്കിലും വനപ്രദേശത്ത് ഗണ്യമായ നാശനഷ്ടമുണ്ടായെന്ന് തെളിയിക്കാന്‍ സാധിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.