കേരളം
‘പ്രതികാരത്തിന് ശ്രമിച്ചാല്‍ നല്ല അടിതരും,’ നഗരസഭാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തി സിപിഎം കൗണ്‍സിലർമാർ
തൃപ്പൂണിത്തുറ നഗരസഭാ സെക്രട്ടറി സുഗതകുമാറിനെ സിപിഎം കൗണ്‍സിലര്‍മാര്‍ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്മാന് യു.കെ.പീതാംബരനും കൗണ്‍സിലര്‍ അഖില്‍ദാസും സെക്രട്ടറിയുടെ ഔദ്യോഗിക വാഹനം തടഞ്ഞുനിര്‍ത്തി തല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇതിനുപിന്നാലെ കഴിഞ്ഞ ദിവസം സുഗതകുമാറിനെ സ്ഥലംമാറ്റിയിട്ടുമുണ്ട്.
മേയ് 25-ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സുഗതകുമാര്‍ തന്നെ പകര്‍ത്തിയതാണ്. ഇതുസംബന്ധിച്ച് തൃപ്പൂണിത്തുറ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് പരാതിയും നല്കി. ആരോഗ്യ വിഭാഗത്തിലെ സെക്രട്ടറിയുടെ അധികാരങ്ങള്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ക്ക് പകുത്തുനല്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ വൈസ് ചെയര്മാന് കെ.കെ.പ്രദീപ്കുമാറും ദൃശ്യങ്ങളിലുള്ള രണ്ട് കൗണ്‍സിലര്‍മാരും മേയ് 12-ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
ഇത്തരത്തില്‍ ഡെലിഗേഷന് നല്‍കുന്നത് സെക്രട്ടറിയുടെ വിവേചനാധികാരമായതിനാല്‍ സുഗതകുമാര്‍ അതിനു തയ്യാറായില്ല. തുടര്‍ന്ന് മേയ് 25ന് ഓഫീസില്‍നിന്ന് ഇറങ്ങിവരുമ്പോള്‍ പീതാംബരനും അഖിലും കാത്തുനിന്ന് കാര്‍ തടഞ്ഞുനിര്‍ത്തി. അത്യാവശ്യമുണ്ടെന്ന് പറഞ്ഞ് പോകാന്‍ ശ്രമിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി. ‘പ്രതികാര നടപടിയിലേക്ക് പോവുകയാണെങ്കില്‍ കൈകാര്യം ചെയ്യും, നല്ല അടിതരും’ എന്ന് അഖിലും ‘തൃപ്പൂണിത്തുറയില്വന്ന് വേഷം കെട്ടെടുക്കേണ്ട’ എന്ന് പീതാംബരനും പറഞ്ഞതായി പരാതിയിലുണ്ട്. ഭീഷണിയുടെ ദൃശ്യങ്ങളും ഇതിനൊപ്പം നല്‍കിയിട്ടുണ്ട്.
അതേസമയം, സംസാരിച്ച സമയത്ത് സന്ദര്‍ഭവശാല്‍ പറഞ്ഞുപോയതാണ് ദൃശ്യത്തിലുള്ളതെന്നാണ് യു.കെ.പീതാംബരന്റെ വാദം. ആരോഗ്യ വിഭാഗത്തില്‍ സെക്രട്ടറി നടത്തിയ നടപടികള്‍ സംബന്ധിച്ച് സംസാരിക്കാനാണ് മേയ് 12-ന് ഓഫീസില്‍ ചെന്നത്. കൂടിയാലോചനയ്ക്ക് ശേഷം വേണം നടപടികളെന്നാണ് ആവശ്യപ്പെട്ടത്. ഈ മാസം 20-നാണ് സുഗതകുമാറിനെ ചെങ്ങന്നൂരിലേക്ക് സ്ഥലംമാറ്റിയത്. മൂന്നുവര്‍ഷത്തിനു ശേഷം മാത്രമേ സെക്രട്ടറിമാരുടെ സ്ഥലംമാറ്റം പാടുള്ളൂ എന്ന മന്ത്രിയുടെ നിര്‍ദേശം നിലനില്‍ക്കേയാണ് ചാര്‍ജെടുത്ത് നാലുമാസത്തിനുള്ളില്‍ സ്ഥലംമാറ്റം. തേര്‍ഡ് ഗ്രേഡ് സെക്രട്ടറിമാരുടെ സ്ഥലംമാറ്റം നടത്തേണ്ടത് പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റാണ്. എന്നാല്‍, സെക്കന്‍ഡ് ഗ്രേഡ് സെക്രട്ടറിമാരെ സ്ഥലംമാറ്റുന്നതിനുള്ള തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഓര്‍ഡറില്‍ തേര്‍ഡ് ഗ്രേഡ് സെക്രട്ടറിയായ സുഗതകുമാറും ഉള്‍പ്പെടുകയായിരുന്നു. അതിനാല്‍ സ്ഥലംമാറ്റം ചട്ടവിരുദ്ധമാണെന്നും ആരോപണമുണ്ട്.