കേരളം
എറണാകുളത്തിന്റെയും കൊല്ലത്തിന്റെയും നിയന്ത്രണം ഇനി കളക്ടർ ദമ്പതിമാരുടെ കയ്യിൽ
എറണാകുളത്തിന്റെയും കൊല്ലത്തിന്റെയും നിയന്ത്രണം ഇനി കളക്ടർ ദമ്പതിമാരുടെ കയ്യിൽ ഭദ്രം.
എറണാകുളം കളക്ടര്‍ ജാഫര്‍ മാലിക്കിന്റെ ഭാര്യ അഫ്സാന പര്‍വീണാണ് പുതിയ കൊല്ലം കളക്ടറായി ചുമതലയേല്‍ക്കുക. നിലവില്‍ എറണാകുളം ജില്ല ഡെവലപ്മെന്റ് കമ്മിഷണറാണ് അഫ്സാന.
എറണാകുളം കളക്ടറായി ജാഫര്‍ മാലിക് ചുമതലയേറ്റിട്ട് മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. ജാഫര്‍ മാലിക് എറണാകുളത്ത് എത്തുന്നതിന് ഒരു വര്‍ഷം മുമ്പേ കളക്ടറേറ്റിലെത്തിയതാണ് അഫ്‌സാന. ജില്ലയുടെ ഡെവലപ്മെന്റ് കമ്മിഷണറായി പ്രവര്‍ത്തിച്ചു വരുന്നതിനിടെയായിരുന്നു ജാഫര്‍ മാലിക് കളക്ടറായെത്തിയത്.
കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് സിഇഒ പദവിയില്‍നിന്നു ഭര്‍ത്താവ് കളക്ടറായപ്പോള്‍ സ്മാര്‍ട്ട് മിഷന്റെ അധികച്ചുമതല അഫ്സാനയ്ക്കായിരുന്നു. ഇതിനൊപ്പം മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെയും ചുമതലയുണ്ടായിരുന്നു.ഒരു വര്‍ഷത്തിലേറെയായി കാക്കനാടാണ് ഇരുവരും താമസം. ഇനി കൊല്ലത്തും എറണാകുളത്തുമായി ഇരുവരും വേവ്വേറെ താമസിക്കേണ്ടതായി വരും.
കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് സിഇഒ പദവിയിലേക്ക് മുന്‍ തൃശ്ശൂര്‍ കളക്ടറായിരുന്ന എസ് ഷാനവാസ് നിയമിതനായി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു മിഷന്‍ ഡയറക്ടറാണ് നിലവില്‍. വൈറ്റില മൊബിലിറ്റി ഹബ്ബിന്റെയും മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെയും മാനേജിങ് ഡയറക്ടറുടെ പൂര്‍ണ ചുമതലയും ഷാനവാസിന് നല്‍കിയിട്ടുണ്ട്.