കേരളം
ടൗട്ടെചുഴലിക്കാറ്റ്: മത്സ്യത്തൊഴിലാളികള്‍ക്ക് 1200 രൂപ സഹായധനം നല്‍കും
ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്നു മത്സ്യബന്ധനത്തിനു നിരോധനം ഏര്‍പ്പെടുത്തിയ ആറു ദിവസം തൊഴില്‍ നഷ്ടപ്പെട്ട സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കു സഹായധനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മെയ് 13 മുതല്‍ 18 വരെ ആറു ദിവസം കേരള തീരത്ത് മത്സ്യബന്ധനത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
ഈ ആറു ദിവസം മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. തൊഴില്‍ നഷ്ടപ്പെട്ട ആ കാലയളവിലേക്ക് അവര്‍ക്ക് ഒരു സഹായധനം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.
സംസ്ഥാന ദുരന്ത നിവാരണ ആശ്വാസ നിധിയില്‍ നിന്നും രജിസ്റ്റര്‍ ചെയ്ത 1,24,970 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്ത 28,070 അനുബന്ധ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും ദിവസേന 200 രൂപ വീതം ആറു ദിവസത്തേക്ക് 1,200 രൂപ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. വൈകാതെ തന്നെ മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് ഈ തുക വിതരണം ചെയ്തു തുടങ്ങുമെന്നു മന്ത്രി അറിയിച്ചു.