കേരളം
കുഞ്ഞിന് വേണ്ടി സെക്രട്ടേറിയറ്റിന് മുന്നില്‍ അനുപമയുടെ നിരാഹാര സമരം ആരംഭിച്ചു
അനുമതിയില്ലാതെ ദത്തു നല്‍കിയ സംഭവത്തില്‍ കുട്ടിയെ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് അനുപമ എസ് ചന്ദ്രന്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാരസമരം തുടങ്ങി. പങ്കാളി അജിത്തും ഒപ്പമുണ്ട്. പെറ്റമ്മയെന്ന നിലയില്‍ നീതി നല്‍കേണ്ടവര്‍ തന്റെ കുഞ്ഞിനെ നഷ്ടപ്പെടുത്താന്‍ കൂട്ടുനിന്നതില്‍ പ്രതിഷേധിച്ചാണ് സമരമെന്ന് അനുപമ പറഞ്ഞു.
അതേസമയം, കുഞ്ഞിനെ വിട്ടുകിട്ടാനായുള്ള അനുപമയുടെ സമരത്തിന് പൂര്‍ണ പിന്തുണയെന്ന് സിപിഎം. അനുപമയ്ക്ക് ആവശ്യമായ നിയമസഹായം നല്‍കും. പ്രശ്‌നം പാര്‍ട്ടിക്ക് പരിഹരിക്കാനാവില്ല. നിയമപരമായി പരിഹാരം കാണേണ്ട വിഷയമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. ഈ വിഷയത്തില്‍ പാര്‍ട്ടിയെ കുറ്റപ്പെടുത്തേണ്ടതില്ല. ഒരു തെറ്റിനെയും സിപിഎം പിന്താങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വന്തം കുഞ്ഞിനെ വീണ്ടുകിട്ടണമെന്ന അനുപമയുടെ പരാതി പരിഹരിക്കാന്‍ കഴിയാത്തതില്‍ തനിക്കു കുറ്റബോധമുണ്ടെന്ന് മുന്‍ മന്ത്രി പി കെ ശ്രീമതി പറഞ്ഞു. അനുപമയുടെ പരാതി അറിഞ്ഞത് വൃന്ദ കാരാട്ടിലൂടെയാണ്. വീണ്ടും പരാതി നല്‍കണമെന്ന് അനുപമയോടു പറഞ്ഞു. കോടിയേരി ബാലകൃഷ്ണനെ സമീപിക്കാനും നിര്‍ദേശിച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെയും ഇക്കാര്യം അറിയിച്ചിരുന്നു. അനുപമയ്ക്ക് ഒപ്പമാണ് പാര്‍ട്ടിയും സര്‍ക്കാരുമെന്നും പി കെ ശ്രീമതി വ്യക്തമാക്കി.
അനുപമയ്ക്ക് നീതി നിഷേധിക്കപ്പെട്ടതായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. നടന്നത് മനുഷ്യത്വ രഹിതമായ കാര്യമാണ്. കുഞ്ഞിനെ അനുപമയ്ക്ക് തിരികെ നല്‍കണം. കുട്ടിയെ തിരികെ ലഭിക്കാനുള്ള നടപടി വേഗത്തിലാക്കണമെന്നും വൃന്ദ കാരാട്ട് ആവശ്യപ്പെട്ടു.
സമരം തുടങ്ങുന്നതിന് മുമ്പായി മന്ത്രി വീണാ ജോര്‍ജ് അനുപമയെ ഫോണില്‍ വിളിച്ച് സംസാരിച്ചു. ഞാനും അമ്മയാണ്, അനുപമയുടെ വികാരം മനസിലാകുമെന്ന് മന്ത്രി പറഞ്ഞു. വീഴ്ചകളില്‍ നടപടിയുണ്ടാകുമെന്ന് മന്ത്രി ഉറപ്പുനല്‍കിയതായി അനുപമ പറഞ്ഞു.
അതിനിടെ, അനുപമയുടെ കുട്ടിയുടെ വിവരം തേടി കേന്ദ്ര അഡോപ്ഷന്‍ റിസോഴ്‌സ് സമിതിക്ക് പൊലീസ് കത്തയച്ചു. 2020 ഒക്ടോബര്‍ 19 നും 25 നും ഇടയില്‍ ലഭിച്ച കുട്ടികളുടെ വിവരം നല്‍കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു. ശിശുക്ഷേമസമിതിയില്‍ നിന്നും വിവരം ലഭിക്കാതിരുന്നതോടെയാണ് പൊലീസിന്റെ നടപടി.