കേരളം
നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു
നവവധു ഭർത്താവിന്റെ വീട്ടിൽ ക്രൂരമായ ഗാർഹികപീഡനത്തിന് ഇരയായെന്ന് പരാതി ലഭിച്ചിട്ടും പന്തീരങ്കാവ് എസ്.എച്ച്.ഒ യഥാസമയം കേസെടുക്കാൻ വിമുഖത കാണിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് സിറ്റി പൊലീസ് കമീഷണർ വിശദ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ആക്റ്റിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
ജൂണിൽ കോഴിക്കോട് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. നവവധു വിവിധ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് കമീഷൻ ഇടപെട്ടത്. പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര കൃത്യവിലോപം ഉണ്ടായതായി പെൺകുട്ടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അതേസമയം, ഭാര്യയെ ശാരീരികമായി പീഡിപ്പിച്ചെന്ന കേസിൽ ഭർത്താവ് പന്തീരാങ്കാവ് പന്നിയൂർകുളം സ്വദേശി രാഹുൽ പി. ഗോപാലിന്റെ (29) പേരിൽ വധശ്രമത്തിന് കേസെടുത്തു. കഴിഞ്ഞദിവസം ഭർതൃവീട്ടിൽ മർദനമേറ്റതിനെതുടർന്നാണ് പറവൂർ സ്വദേശിയായ യുവതി പന്തീരാങ്കാവ് പൊലീസിൽ പരാതി നൽകിയത്. വധശ്രമത്തിന് പുറമെ സ്ത്രീധന നിരോധന നിയമപ്രകാരവും രാഹുലിനെതിരെ കേസെടുത്തിട്ടുണ്ട്. ഇയാൾ ഒളിവിലാണെന്നും രാഹുലിനായി തിരച്ചിൽ നടത്തുകയാണെന്നും പന്തീരാങ്കാവ് ഇൻസ്പെക്ടർ എ.എസ്. സരിൻ പറഞ്ഞു.
ഭർത്താവിനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വനിത കമീഷനും എറണാകുളം റൂറൽ ജില്ല പൊലീസ് മേധാവിക്കും പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകിയിരുന്നു. പന്തീരാങ്കാവ് പൊലീസ് പെൺകുട്ടിയോട് നീതി കാണിച്ചില്ലെന്നും പിതാവ് പറഞ്ഞു.
പറവൂർ സ്വദേശിയായ യുവതിയുമായി ഈ മാസം അഞ്ചിനായിരുന്നു രാഹുലിന്‍റെ വിവാഹം. അടുക്കള കാണൽ ചടങ്ങിന് 12ന് രാഹുലിന്‍റെ വീട്ടിലെത്തിയപ്പോഴാണ് യുവതി ക്രൂര മർദനത്തിന് ഇരയായത് ബന്ധുക്കൾ അറിഞ്ഞത്. വിവാഹം കഴിഞ്ഞ് ആദ്യദിവസങ്ങളിൽ സ്നേഹത്തോടെയായിരുന്നു രാഹുലിന്‍റെ പെരുമാറ്റം. 11ന് രാവിലെ രാഹുലും അമ്മയും ഒറ്റക്കിരുന്ന് കുറേ നേരം സംസാരിച്ചിരുന്നു. ഇതിനുശേഷം രാഹുൽ ഭാര്യക്കൊപ്പം കോഴിക്കോട് ബീച്ചിൽ പോയ സമയത്ത് സ്ത്രീധനം കുറഞ്ഞത് സംബന്ധിച്ച് തർക്കമുണ്ടായി. വീട്ടിൽ തിരിച്ചെത്തിയശേഷം പുറത്തേക്ക് പോയ രാഹുൽ മദ്യപിച്ച ശേഷം രാത്രി ഏറെ വൈകിയാണ് മടങ്ങിവന്നതെന്ന് പെൺകുട്ടി പറയുന്നു. തുടർന്നായിരുന്നു മർദനം.
നെറ്റിയിലും തലയിലും മുഷ്‌ടി ചുരുട്ടി ഇടിച്ചെന്നും മൊബൈൽ ചാർജറിന്‍റെ വയർ കഴുത്തിൽ ചുറ്റി വലിച്ചെന്നും പരാതിയിൽ പറയുന്നു. സ്ത്രീധനം കുറഞ്ഞുപോയി എന്ന രീതിയിൽ രാഹുലിന്‍റെ അമ്മയും സഹോദരിയും പലതവണ മകളോട് സംസാരിച്ചെന്നും പിതാവ് ആരോപിച്ചു. കേബിൾ കഴുത്തിൽ കുരുക്കി കൊലപ്പെടുത്താൻ ശ്രമിച്ചിട്ടും വീട്ടിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല.
മൊഴി കൊടുക്കാൻ പന്തീരാങ്കാവ് സ്‌റ്റേഷനിലെത്തിയ രാഹുലും പൊലീസുകാരനും സുഹൃത്തുക്കളെപ്പോലെയാണ് സംസാരിച്ചത്. കേബിൾ കഴുത്തിൽ കുരുക്കി കൊല്ലാൻ ശ്രമിച്ചെന്ന മൊഴി പൊലീസ് രേഖപ്പെടുത്തിയില്ല. സംഭവം വിവാദമായതോടെ പന്തീരാങ്കാവ് പൊലീസ് ഫോണിൽ വിളിച്ച് യുവതിയുമായി സ്‌റ്റേഷനിൽ എത്തണമെന്ന് ആവശ്യപ്പെട്ടെന്ന് സഹോദരൻ പറഞ്ഞു.