കേരളം
ശബരിമലയിൽ വൻ തിരക്ക്, മിനിറ്റിൽ 75 പേര്‍ 18ാം പടി കയറുന്നു, ദര്‍ശന സമയം കൂട്ടാനാവുമോയെന്ന് ഹൈക്കോടതി
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ ഇടപെടൽ. ദർശന സമയം കൂട്ടാൻ കഴിയുമോ എന്ന് അറിയിക്കാൻ കോടതി നിർദ്ദേശം നൽകി. രണ്ട് മണിക്കൂർ കൂടി ദര്‍ശന സമയം കൂട്ടാൻ കഴിയുമോ എന്നാണ് ചോദ്യം. ഇക്കാര്യം ശബരിമല തന്ത്രിയുമായി ആലോചിച്ചു തീരുമാനം അറിയിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് നിര്‍ദ്ദേശം നൽകി.
നിലവിൽ ഒരു ലക്ഷത്തിൽ കൂടുതൽ പേര്‍ ദർശനം നടത്തുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. തിരക്ക് എങ്ങനെ നിയന്ത്രിക്കും എന്നതിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപി റിപ്പോർട്ട് നൽകണം. ഓൺലൈൻ ബുക്കിങ്, സ്‌പോർട് ബുക്കിങ് എന്നിവ എങ്ങനെ നിയന്ത്രിക്കാം എന്ന് അറിയിക്കണം. ഓൺലൈൻ വഴി 90000 പേര്‍ ബുക്കിങ് നടത്തുന്നുവെന്ന് പറഞ്ഞ കോടതി, ഈ സാഹചര്യത്തിൽ ദർശനം നടത്താൻ കഴിയുക 76,500 പേർക്ക് മാത്രമാണെന്നും പറഞ്ഞു. മിനിറ്റിൽ 75 പേര്‍ വച്ച് പതിനെട്ടാം പടി കയറുന്നുവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.