കേരളം
കൊവിഡ് വ്യാപനം; ബിവറേജസ് വില്‍പ്പനശാലകള്‍ നാളെ മുതല്‍ പ്രവര്‍ത്തിക്കില്ല
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ബെവ്‌കോ വില്‍പ്പനശാലകള്‍ നാളെ മുതല്‍ പ്രവര്‍ത്തിക്കില്ല. നേരത്തെ ബാറുകള്‍ അടച്ചിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സിനിമാ തിയേറ്ററുകളും ബാറുകളും ഉള്‍പ്പെടെ ആള്‍ക്കൂട്ടം ഉണ്ടാവാനിടയുള്ള സ്ഥാപനങ്ങള്‍ അടച്ചിടുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
ഷോപ്പിങ് മാള്‍, ജിംനേഷ്യം, ക്ലബ്ബ്, സ്‌പോര്‍ട്‌സ് കോംപ്ലക്, നീന്തല്‍ കുളം, വിനോദ പാര്‍ക്ക്, വിദേശമദ്യ വില്‍പ്പനകേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം തല്‍ക്കാലം നിര്‍ത്തിവെയ്ക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.അതേസമയം രണ്ടുദിവസം അവധിയായതിനെത്തുടര്‍ന്നു ബീവറേജസ് ഔട്‍ലെറ്റുകള്‍ക്ക് കഴിഞ്ഞ ദിവസമുണ്ടായത് വന്‍തിരക്കാണ്.
ജനപ്രിയബ്രാന്‍ഡുകള്‍ക്ക് ചിലയിടങ്ങളില്‍ ക്ഷാമമുണ്ടായി. കോവിഡ് കണക്കിലെടുത്ത് ഹോം ഡെലിവറിയുടെ സാധ്യതകളും ബീവറേജസ് കോര്‍പറേഷന്‍ പരിശോധിച്ചിരുന്നു. പല ഔട്‍ലെറ്റുകള്‍ക്കു മുന്നിലും ഉപഭോക്താക്കളുടെ നീണ്ടനിരയാണ് ഉണ്ടായത്. ചില സ്ഥലങ്ങളില്‍ കോവിഡ് മാനദണ്ഢങ്ങളും ലംഘിക്കപ്പെട്ടു. നിലവില്‍ വില്‍ക്കുന്നതിനേക്കാള്‍ ശരാശരി 10 ലക്ഷം രൂപ വരെ അധിക വില്‍പനയുണ്ടായതായാണ് ബവ്കോയുടെ പ്രാഥമിക വിലയിരുത്തല്‍.
എന്നാല്‍ ബവ്ക്യൂ ആപ് തിരിച്ചുകൊണ്ടു വരേണ്ടെന്നാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. ഹോം ഡെലിവറി വന്നാല്‍ ബവ്ക്യൂവിനു സമാനമായ ആപ് കൊണ്ടു വന്നേക്കും. എന്നാല്‍ എല്ലാ തീരുമാനങ്ങളും സര്‍ക്കാരിന്‍റെ നിലപടിനു കൂടി അനുസരിച്ചായിരിക്കുമുണ്ടാകുക.