കേരളം
വീട്ടമ്മ ഓട്ടോ കൂലി നൽകി, തൃപ്തനാവാതെ വീണ്ടും മകനെ വിളിച്ചു, തൃശൂരിൽ റവന്യൂ ഇൻസ്പെക്ടർ പിടിയിലായത് ഇങ്ങനെ!
തൃശൂര്‍: തൃശൂർ കോർപ്പറേഷന്റെ കൂർക്കഞ്ചേരി സോണൽ ഓഫീസിലെ റവന്യൂ ഇൻസ്പെക്ടർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായിരുന്നു. റവന്യൂ ഇൻസ്പെക്ടർ നാദിർഷയായിരുന്നു 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂര്‍ വിജിലന്‍സിന്റെ പിടിയിലായത്. സംസ്ഥാനത്ത് കൈക്കൂലി കേസിൽ ഉദ്യോഗസ്ഥർ പിടിയിലാകുന്നത് ആവർത്തിക്കുകയാണ്. പുതിയ സംഭവത്തിൽ കൂർക്കഞ്ചേരി പനമുക്ക് സ്വദേശിയായ പരാതിക്കാരൻ തന്റെ അമ്മയുടെയും, സഹോദരിയുടെയും പേരിലുള്ള വീടിന്റെ ഉടമസ്ഥാവകാശം മാറ്റി കിട്ടുന്നതിനാണ് ഓഫീസിലെത്തിയത്.
കഴിഞ്ഞമാസം 24-ന് തൃശൂര്‍ കോർപ്പറേഷന്റെ കൂർക്കഞ്ചേരി സോണൽ ഓഫീസില്‍ അപേക്ഷ സമർപ്പിച്ചു. തുടർന്ന് ഈ മാസം മൂന്നിന് റവന്യൂ ഇൻസ്പെക്ടർ നാദിർഷ സ്ഥല പരിശോധനയ്ക്കായി വീട്ടിലെത്തി. ഈ സമയം അപേക്ഷകൻ സ്ഥലത്തില്ലാത്തതിനാൽ ഇയാളുടെ അമ്മ ഓട്ടോ കൂലി നൽകി. തുടർന്ന് മടങ്ങിപ്പോയ നാദിർഷ പരാതിക്കാരനെ ഫോണിൽ വിളിച്ച് ഓട്ടോ ചാർജ് മാത്രം പോരാ എന്നും 2000 രൂപ കൈക്കൂലി വേണമെന്നും പറഞ്ഞു.
ഉച്ചയ്ക്ക് ശേഷം ഓഫീസിൽ എത്തിക്കണമെന്നും നിർദേശിച്ചു. തുടർന്ന് പരാതിക്കാരൻ ഈ വിവരം തൃശൂർ വിജിലൻസ് ഡി വൈ എസ്പി സിജി ജിം പോളിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണി ഒരുക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 2.40 -ഓടെ കൂർക്കഞ്ചേരി സോണൽ ഓഫീസിൽ വച്ച് പരാതിക്കാരൻ നിന്നും നാദിർഷ 2000 രൂപകൈക്കൂലി വാങ്ങവെ വിജിലൻസ് സംഘം കയ്യോടെ പിടികൂടുകയാണ് ഉണ്ടായത്. പിടികൂടിയ പ്രതിയെ തൃശ്ശൂർ വിജിലൻസ് കോടതി മുമ്പാകെ ഹാജരാക്കും.
വിജിലൻസ് സംഘത്തിൽ ഡി വൈ എസ് പി ജിം പോളിനെ കൂടാതെ പൊലീസ് സബ് ഇൻസ്പെക്ടർമാരായ ഫിപീറ്റര്, ജയകുമാര്‍, പൊലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ ബൈജു, പോലീസ് ഉദ്ദ്യോഗസ്ഥരായ വിബീഷ്, സൈജുസോമന്‍, രഞ്ജിത്ത്, സിബിന്, സന്ധ്യ, ഗണേഷ്, അരുണ്‍, സുധീഷ്, ഡ്രൈവര്‍മാരായ ബിജു, എബി തോമസ് എന്നിവരും ഉണ്ടായിരുന്നു.