കേരളം
ഭക്ഷ്യവിഷബാധയെ തുടർന്ന് 8 പേർ ചികിത്സയിൽ; മലപ്പുറത്ത് ഹോട്ടല്‍ അടപ്പിച്ചു
മലപ്പുറത്ത് ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് വേങ്ങര സ്കൂളിന് സമീപത്തെ ഹോട്ടല്‍ അടപ്പിച്ചു. മന്തി ഹൗസ് എന്ന ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച എട്ടു പേര്‍ ചികില്‍സതേടിയതിന് പിന്നാലെയാണ് നടപടി. കോഴിയിറച്ചിയില്‍ നിന്നാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
അതേസമയം ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച വിദ്യാര്‍ഥിനി ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്താന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനു നിര്‍ദേശം. സംസ്ഥാനത്തെ ഷവര്‍മ വിൽപന കേന്ദ്രങ്ങളില്‍ പരിശോധന നടത്താനാണു ഭക്ഷ്യസുരക്ഷ കമ്മിഷണര്‍ വി.ആര്‍.വിനോദ് നിര്‍ദേശം നല്‍കിയത്. ഷവര്‍മ വില്‍ക്കുന്ന സ്ഥാപനങ്ങളിലെ വൃത്തി, ഉപയോഗിക്കുന്ന മാംസം, മയണൈസ്, സ്ഥാപനത്തിനു ലൈസന്‍സുണ്ടോ തുടങ്ങിയ കാര്യങ്ങളാണു പ്രധാനമായും പരിശോധിക്കുക.
അതേസമയം, ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ സ്ഥാപനത്തിന്റെ ഉടമയെ കൂടി പ്രതിചേര്‍ക്കുമെന്ന് പൊലീസ് അറിയിച്ചു. കാലിക്കടവ് സ്വദേശി പിലാവളപ്പില്‍ കുഞ്ഞഹമ്മദാണ് ചെറുവത്തൂരിലെ ഐഡിയല്‍ ഫുഡ്പോയിന്റ് കൂള്‍ബാറിന്റെ ഉടമ. ഇദ്ദേഹം നിലവില്‍ വിദേശത്താണെന്നാണ് വിവരം.
കേസില്‍ സ്ഥാപനത്തിന്റെ മാനേജിങ് പാര്‍ട്ണറായ അനസിനെനെയും ഷവര്‍മയുണ്ടാക്കിയ നേപ്പാള്‍ സ്വദേശി സന്ദേശ് റായിയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്ഥാപനത്തിന്റെ മറ്റൊരു മാനേജിങ് പാര്‍ട്ണറും പൊലീസിന്റെ കസ്റ്റഡിയിലാണ്. വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച പൊലീസും ഭക്ഷ്യ സുരക്ഷാവകുപ്പും സ്ഥാപനത്തില്‍ പരിശോധന നടത്തി.