കേരളം
മലപ്പുറത്തെ കുതിരയോട്ട മത്സരം വിവാദത്തിൽ; സംഘാടകരായ അഞ്ചു പേര്‍ക്കെതിരേയും കണ്ടാലറിയാവുന്ന ഇരുന്നൂറ് പേര്‍ക്കെതിരേ കേസെടുത്ത് പോലീസ്
മലപ്പുറത്തെ കുതിരയോട്ട മത്സരത്തില്‍ സംഘടകരുടെ പേരില്‍ പൊലീസ് കേസെടുത്തു. സംഘാടകരായ അഞ്ചു പേര്‍ക്കെതിരേയും കണ്ടാലറിയാവുന്ന ഇരുന്നൂറ് പേര്‍ക്കെതിരേയുമാണ് കേസെടുത്തത്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കുതിരയോട്ടം കാണാൻ നിരവധിയാളുകളാണ് മൈതാനത്തേക്ക് എത്തിയത്.
മലപ്പുറം കൂട്ടിയങ്ങാടി എംഎസ്പി മൈതാനത്തായിരുന്നു ജില്ലാ ഹോഴ്സ് റൈഡേഴ്സിന്‍റെ നേതൃത്വത്തില്‍ കുതിര ഓട്ട മത്സരം നടത്തിയത്. 400 മീറ്റര്‍ ട്രാക്കില്‍ ഒരു സമയം ഒരു കുതിരയെന്ന നിലയിലാണ് ഓട്ട മത്സരം ക്രമീകരിച്ചിരുന്നത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 50 കുതിരകള്‍ മത്സരത്തിലുണ്ടായിരുന്നു.
കുതിരക്കുളമ്പടിയേറ്റ് പൊടിപടലങ്ങള്‍ നിറഞ്ഞ മൈതാനത്തേക്ക് കാണികളായി ആളുകള്‍ ഒഴുകിയെത്തിയതോടെ സംഘടകര്‍ പ്രതിസന്ധിയിലായി. ആളുകളുടെ ആര്‍പ്പുവിളികളും ബഹളവും കുതിരകളേയും അസ്വസ്ഥരാക്കി. പ്രാഥമിക റൗണ്ടില്‍ 29.572 സെക്കൻഡില്‍ ഫിനിഷ് ചെയ്ത കോട്ടക്കല്‍ സ്വദേശി ഹംസക്കുട്ടിയുടെ എയ്ഞ്ചല്‍ എന്ന കുതിര ഒന്നാം സ്ഥാനം നേടി. ഓട്ടമത്സരത്തിന് ശേഷമുള്ള സൗന്ദര്യ മത്സരത്തില്‍ പങ്കെടപ്പിക്കാനായി 20 കുതിരകളെ മൈതാനത്തിലേക്ക് കൊണ്ടുവന്നിരുന്നെങ്കിലും ഈ മത്സരവും നടന്നില്ല.