കേരളം
മഴ കഠിനം; എട്ട് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കണ്ണൂര്‍ ജില്ലയിലും കോട്ടയം ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടര്‍മാര്‍ നാളെ അവധി പ്രഖ്യാപിച്ചു. കണ്ണൂരിൽ കോളേജുകൾക്ക് അവധി ബാധകമല്ല. മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിൽ അതിശക്തമായ മഴ രേഖപ്പെടുത്തിയ സാഹചര്യത്തിലും കാലവർഷക്കാറ്റ് ശക്തിപ്രാപിക്കുന്നതിനാൽ നാളെ അതി തീവ്രമഴയ്ക്കുള്ള ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിലുമാണ് മുൻകരുതൽ എന്ന നിലയിൽ അവധി പ്രഖ്യാപിച്ചതെന്ന് കളക്ടര്‍ വ്യക്തമാക്കി. ജില്ലയിലെ സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ്‌സി സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ പ്രവര്‍ത്തിക്കില്ല.
ഇതോടെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, പാലക്കാട്, ഇടുക്കി, ആലപ്പുഴ, തൃശൂർ, കണ്ണൂർ, കോട്ടയം ജില്ലകളിലാണ് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചതെന്നും മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ലെന്നും കോട്ടയം ജില്ലാ കളക്ടറും അറിയിച്ചിട്ടുണ്ട്.
എല്ലാ ജില്ലകളിലും അങ്കൺവാടി മുതൽ പ്രൊഫഷണൽ കോളേജുകൾക്ക് വരെ അവധി ബാധകമാണ്. ട്യൂഷൻ സെൻ്ററുകളും പ്രവര്‍ത്തിക്കരുതെന്നാണ് വയനാട് ജില്ലയിൽ നിന്നുള്ള അറിയിപ്പിൽ വ്യക്തമാക്കുന്നത്. ശക്തമായ മഴയും വെള്ളക്കെട്ടും നിലനിൽക്കുന്ന സാഹചര്യത്തിലാണ് ആലപ്പുഴ ജില്ലയിൽ അവധി പ്രഖ്യാപിച്ചത്. ഇടുക്കിയിൽ മദ്രസ, കിൻഡർ ഗാർഡൻ, എന്നിവയ്ക്കും അവധി ബാധകമാണെന്നും ട്യൂഷൻ സെൻററുകൾ ഒരു കാരണവശാലും പ്രവർത്തിക്കാൻ പാടില്ലെന്നും കളക്ടര്‍ അറിയിച്ചിട്ടുണ്ട്.
പാലക്കാട് ജില്ലാ കളക്ടറുടെ ഉത്തരവിൽ കുട്ടികൾ തടയണകളിലും പുഴകളിലും ഇറങ്ങാതെ വീട്ടിൽ തന്നെ സുരക്ഷിതമായി ഇരിക്കാൻ ശ്രദ്ധിക്കേണ്ടതാണെന്ന് വ്യക്തമാക്കുന്നു. മേഖല, ജില്ലാ തലങ്ങളിൽ മുൻകൂട്ടി നിശ്ചയിച്ച പാഠ്യ, പാഠ്യേതര പരിപാടികൾ നടത്തുന്നുണ്ടെങ്കിൽ സംഘാടകർ ഔദ്യോഗിക അനുമതി വാങ്ങേണ്ടതും വിദ്യാർത്ഥികളുടെ പൂർണ്ണ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതുമാണെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.