National
പരീക്ഷകളില്‍ ഹിജാബ് ധരിക്കാന്‍ അനുമതി; നിരോധനത്തില്‍ ഇളവു വരുത്തി കര്‍ണാടക സര്‍ക്കാര്‍


ഹിജാബ് നിരോധനത്തില്‍ ഇളവു വരുത്തി കര്‍ണാടക സര്‍ക്കാര്‍. സര്‍ക്കാര്‍ സര്‍വീസുകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷകളില്‍ ഹിജാബ് ധരിക്കാന്‍ അനുമതി നല്‍കി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉത്തരവിറക്കി. കര്‍ണാടക അഡ്മിനിസ്‌ട്രേറ്റീവ് പരീക്ഷകളില്‍ (കെഎഇ) ഹിജാബിന് ഇനി വിലക്കുണ്ടാകില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
മറ്റ് പരീക്ഷകളില്‍ നിന്നും ഹിജാബ് വിലക്ക് ഘട്ടംഘട്ടമായി നീക്കുമെന്നും വിദ്യാഭ്യാസ മന്ത്രി എം സി സുധാകര്‍ പറഞ്ഞു. മുന്‍ സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തിയതിനാല്‍ അത് പിന്‍വലിക്കുന്നതിന് ഭരണഘടനാപരമായ നടപടികള്‍ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ബസവരാജ ബൊമ്മെയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരാണ് 2022 ല്‍ ഹിജാബ് നിരോധനം ഏര്‍പ്പെടുത്തിയത്.
കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഹിജാബ് നിരോധനം പിന്‍വലിക്കുമെന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതുപരീക്ഷകളിലും ഹിജാബിന് നിരോധനമേര്‍പ്പെടുത്തിയത് കര്‍ണാടകയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.