കാലാവസ്ഥ
സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടും; 9 ജില്ലകൾക്ക് മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടും. സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ മുന്നറിയിപ്പ്. ഇന്നും നാളെയും സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ താപനില കുതിച്ചുയരാനുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഇന്നും നാളെയും (2024 ഫെബ്രുവരി 23, 24 ) കൊല്ലം, ആലപ്പുഴ, പാലക്കാട്, 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 മുതൽ 4 നാല് ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. അതേസമയം ചൂട് വളരെ കൂടുതലായതിനാല്‍ പൊങ്കാലയിടുന്ന എല്ലാവരും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അന്തരീക്ഷ താപനില കൂടുതലായതിനാല്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. ചൂട് കൂടുതലായതിനാല്‍ നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ദാഹം തോന്നുന്നില്ലെങ്കില്‍ പോലും ഇടയ്ക്കിടയ്ക്ക് ധാരാളം വെള്ളം കുടിക്കുക.
ക്ഷീണം, തലവേദന, തലകറക്കം, ശ്വാസതടസം തുടങ്ങിയവ ഉണ്ടായാല്‍ തണലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും ചെയ്യുക. ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് വിവിധ സ്ഥലങ്ങളില്‍ മെഡിക്കല്‍ ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. ഇതുകൂടാതെ ആംബുലന്‍സ് സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ദിശ 104, 1056, 0471 2552056 ലേക്ക് വിളിച്ച് ഡോക്ടറുടെ ഉപദേശം തേടാവുന്നതാണെന്നും മന്ത്രി പറഞ്ഞു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!