കേരളം
മൂന്നാറിൽ ഹൈകോടതിയുടെ ഇടപെടൽ; രണ്ട് നിലക്ക് മുകളിലുള്ള കെട്ടിടങ്ങൾക്ക് നിർമാണ വിലക്ക്
മൂന്നാറിലെ കെട്ടിട നിർമാണത്തിന് നിയന്ത്രണവുമായി ഹൈകോടതിയുടെ ഇടപെടൽ. രണ്ട് നിലകൾക്ക് മുകളിലുള്ള കെട്ടിടങ്ങൾക്ക് നിർമാണ അനുമതി നൽകുന്നതിന് കോടതി വിലക്ക് ഏർപ്പെടുത്തി. രണ്ടാഴ്ചത്തേക്കാണ് ഹൈകോടതി ഡിവിഷൻ ബെഞ്ച് താൽകാലിക വിലക്ക് ഏർപ്പെടുത്തിയത്.
വൺ എർത്ത് വൺ ലൈഫ് എന്ന എൻ.ജി.ഒ സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖും സോഫി തോമസ് എന്നിവരടങ്ങുന്ന ഹൈകോടതി മൂന്നാർ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. കൂടാതെ, മൂന്നാറിലും പരിസര പ്രദേശത്തുമുള്ള ഒമ്പത് ഗ്രാമപഞ്ചായത്തുകളെ കേസിൽ കക്ഷി ചേർത്തു.ഇടുക്കി ജില്ല കലക്ടർ സമർപ്പിച്ച കൈയേറ്റം സംബന്ധിച്ച് റിപ്പോർട്ടും കോടതി ഇന്ന് പരിഗണിച്ചു. ഇതോടൊപ്പം, വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ അഭിഭാഷകൻ ഹരീഷ് വാസുദേവയെ അമിക്കസ് ക്യൂറിയെ കോടതി നിയോഗിച്ചു.
മൂന്നാറുമായി ബന്ധപ്പെട്ട പാരിസ്ഥിതിക ആഘാത പഠനം നടത്തുന്നതിന് അനുയോജ്യമായ സമിതിയെ നിർദേശിക്കാനായി സംസ്ഥാന സർക്കാറിനോടും അമിക്കസ് ക്യൂറിക്കും ഹൈകോടതി നിർദേശം നൽകി.
വയനാട് പോലുള്ള പരിസ്ഥിതി ദുർബല മേഖലകളിൽ നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദുരന്തനിവാരണ അതോറിറ്റിയും നിർദേശങ്ങളും നിലവിലുണ്ട്. എന്തുകൊണ്ട് ഇത്തരം നിർദേശങ്ങൾ മൂന്നാർ പോലുള്ള പ്രദേശങ്ങളിൽ നൽകാത്തതെന്നും ഹൈകോടതി ചോദിച്ചു.