കേരളം
കൊവിഡ് വ്യാപനം; സിഗരറ്റ് വില്‍പ്പന താല്‍ക്കാലികമായി നിരോധിക്കാന്‍ നിര്‍ദ്ദേശിച്ച് ഹൈക്കോടതി
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിഗരറ്റ്, ബീഡി വില്‍പ്പന താല്‍ക്കാലികമായി നിരോധിക്കുന്നത് സംബന്ധിച്ച് ബോംബെ ഹൈക്കോടതി കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളില്‍നിന്നും പ്രതികരണം തേടി. പുകവലി ശീലമാക്കിയവരിലെ കൊവിഡ് ബാധയുടെ കണക്കും ആരാഞ്ഞു. കൊവിഡ് ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്നതിനാല്‍ സര്‍ക്കാറുകള്‍ നിരോധനം പരിഗണിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു.
പുകവലിക്കാരില്‍ കൊവിഡ് ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ചുളള വിവരങ്ങള്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ പബ്ലിക് ഡൊമൈനുകളില്‍ ലഭ്യമല്ലെന്ന് കോടതി നിരീക്ഷിച്ചു. ഇത് ഒരു പ്രശ്നമാണെങ്കില്‍, പൗരന്‍മാരുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നതാണ്. ഈ പകര്‍ച്ചവ്യാധിയുടെ സമയത്ത് സിഗരറ്റിന്റെയും ബീഡിയുടെയും വില്‍പ്പന നിരോധിക്കാന്‍ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നാണ് അഭിപ്രായമെന്നും കോടതി വ്യക്തമാക്കി.
അതേസമയം കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്നും നാളെയും ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളുണ്ടാവും. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാനത്ത് രണ്ടുദിവസം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി പ്രഖ്യാപിച്ചിരുന്നു. നിയമം ലംഘിക്കുന്നവരെ പിടികൂടാന്‍ സംസ്ഥാന വ്യാപകമായി പോലിസിന്റെ ശക്തമായ പരിശോധനയുണ്ടാവും.
അത്യാവശ്യമല്ലാത്ത കാര്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ക്കെതിരേ നിയമനടപടിയും പിഴയും ഈടാക്കാനാണ് പോലിസിന്റെ തീരുമാനം.എല്ലാവരും വീട്ടില്‍ തന്നെ കഴിയണം. അത്യാവശ്യത്തിന് പുറത്തിറങ്ങുന്നവര്‍ സ്വന്തം തയ്യാറാക്കിയ സത്യവാങ്മൂലം കരുതണം. തുടര്‍ന്ന് എന്തൊക്കെ നിയന്ത്രണങ്ങള്‍ വേണമെന്ന് തിങ്കളാഴ്ച സര്‍വകക്ഷി യോഗത്തില്‍ തീരുമാനിക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.