കേരളം
പ്രിയാ വർഗീസിന്റെ നിയമനം മരവിപ്പിച്ച നടപടി ഒക്ടോബർ 20 വരെ നീട്ടി; യുജിസി സത്യവാങ്മൂലം സമർപ്പിച്ചു
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിന്റെ നിയമനം മരവിപ്പിച്ച നടപടി ഹൈക്കോടതി ഒക്ടോബർ 20 വരെ നീട്ടി. നിയമനത്തിനു ഗവേഷണ കാലം അധ്യാപന പരിചയമായി കണക്കാക്കാൻ സാധിക്കില്ലെന്ന സത്യവാങ്മൂലം യുജിസി ഹൈക്കോടതിയിൽ സമർപ്പിച്ചു. പ്രിയാ വർഗീസിനു മാനദണ്ഡപ്രകാരമുള്ള എട്ടുവർഷത്തെ അധ്യാപന പരിചയമില്ലെന്നും കോടതിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.
യുജിസി നേരത്തേ ഇക്കാര്യം കോടതിയെ അറിയിച്ചെങ്കിലും നിലപാടു രേഖാമൂലം അറിയിക്കാൻ കോടതി നിർദേശിച്ചിരുന്നു. തുടർന്നാണ് യുജിസി ഇന്നു കേസ് പരിഗണിക്കുമ്പോൾ സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചത്. പ്രിയാ വർഗീസിന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി പരിഗണിക്കുന്നത് ഒക്ടോബർ 20നു പരിഗണിക്കും. കണ്ണൂർ സർവകലാശാല മലയാളം അസോഷ്യേറ്റ് പ്രഫസർ റാങ്ക് പട്ടികയിൽ നിന്നുള്ള പ്രിയാ വർഗീസിന്റെ നിയമനം നേരത്തേ ഹൈക്കോടതി തടഞ്ഞിരുന്നു. പ്രിയാ വർഗീസിന്റെ നിയമനം ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മരവിപ്പിച്ചിരുന്നു.
പ്രിയാ വർഗീസിനെ യുജിസിയുടെ മാനദണ്ഡങ്ങൾ പരിഗണിക്കാതെ ഒന്നാം റാങ്കായി പട്ടികയിൽ ഉൾപ്പെടുത്തിയതു ചൂണ്ടിക്കാണിച്ച് രണ്ടാം റാങ്കുകാരനായ ചങ്ങനാശേരി എസ്ബി കോളജ് മലയാളവിഭാഗം മേധാവി ജോസഫ് സ്കറിയയാണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രിയാ വർഗീസിനെ റാങ്കിൽ നിന്ന് ഒഴിവാക്കണം എന്നായിരുന്നു ആവശ്യം. അസോഷ്യേറ്റ് പ്രഫസർ തസ്തികയിൽ അപേക്ഷിക്കാനുള്ള കുറഞ്ഞ യോഗ്യതയായ എട്ടുവർഷത്തെ അധ്യാപന പരിജയമില്ലെന്നു ഹർജിക്കാരൻ വാദിക്കുന്നു.