കേരളം
ദുരിത പെയ്ത്ത്…; കേരളത്തിന്റെ വിവിധ ജില്ലകളിൽ മഴ ശക്തം
ടൗട്ടേ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ വടക്കൻ കേരളത്തിൽ മഴ തുടരുകയാണ്. മധ്യ കേരളത്തിൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും ഇടവിട്ട് പെയ്യുന്നുണ്ട്. തെക്കൻ കേരളത്തിൽ പത്തനംതിട്ടയിലും കൊല്ലത്തും താരതമ്യേന തെളിഞ്ഞ കാലാവസ്ഥയാണ്. തിരുവനന്തപുരത്ത് ഇടവിട്ട് മഴ പെയ്യുന്നുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് ഇപ്പോൾ.
വടക്കന്‍ കേരളത്തില്‍ കടലാക്രമണത്തെ തുടര്‍ന്ന് നിരവധി വീടുകള്‍ തകര്‍ന്നു. പലയിടത്തും തീരദേശ റോഡുകള്‍ ഒലിച്ചു പോയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 200 മില്ലിമീറ്ററില്‍ അധികം മഴയാണ് വടക്കന്‍ കേരളത്തിലെ മിക്ക ജില്ലകളിലും ലഭിച്ചത്. ബേപ്പൂരില്‍ നിന്ന് പോയ മത്സ്യബന്ധന ബോട്ടിനെക്കുറിച്ച് വിവരമില്ല. തെരച്ചിലിനായി കോസ്റ്റ്ഗാർഡിന്റെ സഹായം തേടിയിട്ടുണ്ട്.
മധ്യ കേരളത്തിൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും ഇടവിട്ട് പെയ്യുന്നുണ്ട്. ചെല്ലാനത്ത് വീടുകളിൽ കയറിയ വെള്ളം ഇറങ്ങിത്തുടങ്ങി. ഇടുക്കിയിലും തൃശ്ശൂരും പല ഭാഗത്തും മഴ പെയ്യുന്നുണ്ട്. പെരിങ്ങൽക്കുത്ത് ഡാമിന്റെ സ്പിൽ വേ ഷട്ടറുകൾ തുറക്കാൻ ജില്ലാ കളക്ടർ അനുവാദം നൽകി.തൃശൂർ നഗരതിലും തീരദേശത്തും മഴ തുടരുകയാണ്. കൊടുങ്ങല്ലൂർ, ചാവക്കാട്, എറിയാട് എന്നിവിടങ്ങളിലായി 354 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ഗുരുവായൂരിൽ കിഴക്കേ ഗോപുരത്തിലെ താഴിക കുടത്തിന്റെ ഒരു ഭാഗം അടർന്നു വീണു. ചിമ്മിനി, പെരിങ്ങൽക്കുത്ത് ഡാമുകളിലെ ജലനിരപ്പുയർന്നു.
തിരുവനന്തപുരത്ത് തകർന്ന ശംഖുമുഖം – എയർപോർട്ട് റോഡിൽ യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ പ്രതീക്ഷിക്കാത്ത മേഖലകളിൽ പോലും കടലാക്രമണമുണ്ടായെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പത്തനംതിട്ടയിലും കൊല്ലത്തും താരതമ്യേന തെളിഞ്ഞ കാലാവസ്ഥയാണ്.ശംഖുമുഖത്ത് തീരത്തോട് ചേർന്ന എയർപോർട്ട് റോഡ് പൂർണമായും തകർന്ന നിലയിലാണ്.
വെട്ടുകാട്, കൊച്ചുവേളി, പൊഴിയൂർ മേഖലകളിൽ നാശനഷ്ടങ്ങൾ തുടരുന്നു. കൂടുതൽ വീടുകൾ അപകട ഭീഷണിയിലാണ്. വലിയതുറ പാലം കൂടുതൽ അപകടാവസ്ഥയിലായി. സാധാരണ കടൽക്ഷോഭം ഉണ്ടാകാത്ത ഇടങ്ങളിൽ ഇത്തവണ കടലാക്രമണം രൂക്ഷമായതും, ശംഖുമുഖത്തടക്കം തീരസംരക്ഷണ പ്രവർത്തനങ്ങൾക്കിടെ ഉണ്ടായ വലിയനാശനഷ്ടങ്ങളും തീർക്കുന്നത് വലിയ പ്രതിസന്ധിയാണ്.