കേരളം
സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ പരക്കെ മഴ പെയ്യാന്‍ സാധ്യത. കനത്ത മഴ പ്രതീക്ഷിക്കുന്ന തെക്കന്‍ കേരളത്തില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി ചൊവ്വാഴ്ച വരെ കേരളത്തില്‍ കനത്തമഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
ഇന്ന് കോട്ടയം, ഇടുക്കി ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെയാണ് പുതിയ ന്യൂനമര്‍ദം രൂപപ്പെടുക. അടുത്ത ദിവസം ഇത് യാസ് ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രവചനം. ഇതിന്റെ സ്വാധീനഫലമായി തിങ്കളാഴ്ചയും ചൊവ്വാഴ്ചയും തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
യാസ് ചുഴലിക്കാറ്റായി മാറുമെന്നും മെയ് 26നോ 27നോ ഒഡിഷ, ബംഗാള്‍ തീരം തൊടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഫലമായി കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. മധ്യകേരളത്തിലായിരിക്കും കൂടുതല്‍ മഴ കിട്ടുക. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് മുന്നൊരുക്കം തുടങ്ങി.
ചുഴലിക്കാറ്റ് ബാധിത മേഖലയില്‍ മത്സ്യബന്ധനം വിലക്കി. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബംഗാള്‍, ഒഡിഷ, അസം, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളില്‍ മഴ ലഭിക്കും. അതിനിടെ കാലവര്‍ഷം ആന്‍ഡമാനില്‍ എത്തി. അടുത്ത രണ്ടാഴ്ച കേരളത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. കാലവര്‍ഷ വരവിന്റെ സൂചനയാണിത്.