കേരളം
അതിശക്ത മഴ; പമ്പാ നദിയിൽ ജലനിരപ്പുയർന്നു; പത്തനംതിട്ടയിൽ ഉരുൾപൊട്ടലെന്ന് സംശയം
കനത്ത മഴയെ തുടർന്നു പമ്പാ നദിയിൽ ജലനിരപ്പുയർന്നു. റാന്നി കുരുമ്പൻമൂഴി കോസ് വേയിൽ വെള്ളം കയറി. ഗുനാഥൻമണ്ണ്, മുണ്ടൻപാറ മേഖലയിൽ ഇന്നലെ രാത്രിയിലും കനത്ത മഴ തുടർന്നു. ഗുരുനാഥന്‍ മണ്ണ് ഭാഗത്ത് കനത്ത മലവെള്ളപ്പാച്ചിലുണ്ടായി. ഉള്‍വനത്തില്‍ ഉരുള്‍പൊട്ടിയെന്ന് സംശയമുണ്ട്. നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് മൂഴിയാര്‍, മണിയാര്‍ ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി.
മൂഴിയാര്‍ ഡാമിന്റെ ഒരു ഷട്ടറും മണിയാര്‍ ഡാമിന്റെ രണ്ടു ഷട്ടറുകളുമാണ് ഉയര്‍ത്തിയത്. കക്കാട്ടാര്‍ കരകവിഞ്ഞ് ഒഴുകുകയാണ്. തീരപ്രദേശത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ കഴിഞ്ഞ ദിവസവും ഉയര്‍ത്തിയിരുന്നു.
ഒന്നാം തീയതി വൈകീട്ടോടെ ആരംഭിച്ച മഴ കഴിഞ്ഞ ദിവസം ശമിച്ചെങ്കിലും ഇന്നലെ വീണ്ടും ശക്തിയായി.കക്കിയില്‍ ഒന്നാം തീയതി അതിതീവ്ര മഴ രേഖപ്പെടുത്തിയിരുന്നു. 225 മില്ലി മീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. അത്തിക്കയത്ത് 101 മില്ലി മീറ്ററും ആങ്ങമൂഴിയില്‍ 153 മില്ലി മീറ്ററും മൂഴിയാറില്‍ 143 മില്ലി മീറ്റര്‍ മഴയുമാണ് രേഖപ്പെടുത്തിയത്.