കേരളം
കനത്ത മഴയും കാറ്റും ഇടിമിന്നലും; മുന്നണികൾ ആശങ്കയിൽ
കോട്ടയം ജില്ലയുടെ വിവിധ മേഖലകളില്‍ ഉച്ചയ്ക്ക് ശേഷം ശക്തമായ കാറ്റും മഴയും മിന്നലും തുടങ്ങി. കടുത്തുരുത്തി, പാലാ, പൂഞ്ഞാര്‍ മണ്ഡലങ്ങളുടെ പ്രദേശങ്ങളിലാണ് ശക്തമായ മഴയുണ്ടായത്. ഇതേതുടര്‍ന്ന് വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക് എത്തുന്നത് കുറഞ്ഞു.മോശം കാലാവസ്ഥ പോളിംഗ് കുറയ്ക്കുമോ എന്ന ആശങ്കയിലാണ് മുന്നണികള്‍. ശക്തമായ പോരാട്ടം നടക്കുന്ന പാലാ, പൂഞ്ഞാര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളും മുന്നണികളുമാണ് ആശങ്കയിലായിരിക്കുന്നത്. ജില്ലയിലൂടനീളം ശക്തമായ മഴയ്ക്ക് വീണ്ടും സാദ്ധ്യതയുണ്ടെന്നാണ് സൂചന.
പൂഞ്ഞാര്‍ മണ്ഡലത്തിലെ പലയിടത്തും കനത്ത കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതി ബന്ധം തടസപ്പെട്ടിട്ടുണ്ട്. പോളിംഗ് ബൂത്തുകളില്‍ പലതിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇതും പോളിംഗിനെ ബാധിച്ചേക്കുമെന്ന് സൂചനയുണ്ട്.
അതേസമയം കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടിംഗ് ശതമാനം 65 ആയി.
പുരുഷന്മാര് 66 .32 ശതമാനവും സ്ത്രീകള്‍ 65 .56 ശതമാനവും ട്രാന്‍സ്ജെന്‍ഡര്‍ 31 . 48 ശതമാനവും വോട്ട് രേഖപ്പെടുത്തി.സംസ്ഥാനത്ത് രാവിലെ ഏഴ് മണിയോടെ വോട്ടിങ് ആരംഭിച്ചു. എല്ലാ മണ്ഡലങ്ങളിലും മികച്ച പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. 140 നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 2,74,46,039 വോട്ടര്‍മാരാണ് ഇത്തവണ ജനവിധിയെഴുതുന്നത്.
പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ബൂത്തുകളില്‍ വോട്ടിങ് പുരോഗമിക്കുന്നത്. വൈകീട്ട് ഏഴ് മണി വരെയാണ് വോട്ടെടുപ്പ്. അവസാന ഒരു മണിക്കൂറില്‍ കൊവിഡ് രോഗികള്‍ക്കും പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ ഉള്ളവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ അവസരം ഒരുക്കിയിട്ടുണ്ട്..