കേരളം
കാലവര്‍ഷക്കാറ്റ് ശക്തം; കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസം കൂടി ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
കേരള തീരത്ത് കാലവര്‍ഷക്കാറ്റും ശക്തമായിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. എങ്കിലും എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ജൂണ്‍ അവസാനവാരത്തോടെ കാലവര്‍ഷം ശക്തിപ്പെടുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള -കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂൺ 17 വരെ കേരള -കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.
കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) ജൂൺ14 രാത്രി 11.30 വരെ 3.0 മുതൽ 3.4 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ആയതിന്റെ വേഗത സെക്കൻഡിൽ 68 cm നും 90 cm നും ഇടയിൽ മാറി വരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.