കേരളം
തിരുവനന്തപുരത്ത് അതി ശക്തമായ മഴ; ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു
തിരുവനന്തപുരത്ത് ഇന്ന് അതി ശക്തമായ മഴയാണ് ലഭിച്ചത്. പേട്ട റെയില്‍വേ സ്റ്റേഷനു സമീപം റെയില്‍വേ ട്രാക്കിലേക്ക് മരം വീണതോടെ ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഒരു ട്രാക്കിലെ തടസ്സം മാറ്റിയതോടെ മലബാര്‍, മാവേലി എക്സ്‌പ്രസുകള്‍ ഇതിലൂടെ യാത്ര തിരിച്ചു. മറ്റു ട്രെയിനുകള്‍ വൈകാന്‍ ഇടയുണ്ടെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.
തിരുവനന്തപുരത്ത് കനത്ത മഴയാണ് ഇന്ന് വൈകിട്ട് ഉണ്ടായത്. തമ്പാനൂർ ഉള്‍പ്പെടെ പലയിടങ്ങളിലും വീടുകളില്‍ വെള്ളം കയറി. ശക്തമായ ഇടിമിന്നലില്‍ പലയിടത്തും വൈദ്യുതിതടസ്സം നേരിട്ടു. കൊച്ചി നഗരത്തിലും വൈകിട്ട് കനത്ത മഴയുണ്ടായി. പല റോഡുകളിലും വെള്ളം കയറിയത് ഗതാഗതത്തെ ബാധിച്ചു.
അതേസമയം ഈ മാസം 16വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 എംഎം മുതൽ 115.5 എംഎം വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ ആറ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഏപ്രിൽ 12 ന് കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വയനാട് ജില്ലയിൽ ഏപ്രിൻ 13ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഏപ്രിൽ 14ന് ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകൾക്കും, ഏപ്രിൽ 15 ന് ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ഏപ്രിൽ 16ന് ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.