കേരളം
മൂന്ന് ദിവസം ശക്തമായ മഴ
കേരളത്തിൽ അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്.
ഇതേ ജില്ലകളിൽ നാളെയും യെല്ലോ അലർട്ടാണ്. അറബിക്കടലിലെ ന്യൂനമർദ്ദം അടുത്ത മണിക്കൂറിൽ ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഇത് തീവ്രന്യൂനമർദ്ദമായി മാറും.
അതേസമയം ഇന്ത്യൻ തീരത്ത് നിന്ന് അകലെയായതിനാൽ കേരളത്തെ കാര്യമായി ബാധിക്കില്ലെന്നാണ് കരുതുന്നത്. എന്നാൽ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി മഴയ്ക്ക് കാരണമാകാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പ് തുടരുകയാണ്.