കേരളം
ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രം നാടിന് സമര്‍പ്പിച്ച് ആരോഗ്യമന്ത്രി
കേരളത്തിലെ ഏക ഗോത്ര വര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്ത് ആരോഗ്യ, ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 16 സ്ഥിരം തസ്തികകള്‍ സൃഷ്ടിച്ചുകൊണ്ടാണ് ഇടമലക്കുടിയില്‍ കുടുംബാരോഗ്യ കേന്ദ്രവും ചട്ടമൂന്നാറില്‍ പ്രാഥമികാരോഗ്യ കേന്ദ്രവും സ്ഥാപിച്ചത്. ഒപി വിഭാഗം, മൈനര്‍ ഓപ്പറേഷന് തീയറ്റര്‍, ഫാര്‍മസി, ഡോക്ടേഴ്സ് റും, കാത്തിരിപ്പ് കേന്ദ്രം, ഓഫിസ് മുറി, ശുചിമുറി തുടങ്ങി എല്ലാവിധ സൗകര്യങ്ങളും കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
ഇടമലക്കുടി സൊസൈറ്റിക്കുടിയിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. ആശുപത്രിയിലെത്തിയ ഇടമലക്കുടി നിവാസികളുമായി മന്ത്രി വീണാ ജോര്‍ജ് വിശദമായി സംസാരിക്കുകയും അവരുടെ ആവശ്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. ഇടമലക്കുടിക്കാരുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും സര്‍ക്കാര്‍ ഒന്നൊന്നായി നിറവേറ്റുകയാണെന്നും ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഇടമലക്കുടിക്ക് പ്രത്യേക പ്രൊജക്ടിലൂടെ വൈദ്യുതി എത്തിക്കാനായെന്നും ഇപ്പോള്‍ ആരോഗ്യ കേന്ദ്രമെന്ന സ്വപ്നവും സാക്ഷാത്കരിക്കാന്‍ സാധിച്ചെന്നും മന്ത്രി പറഞ്ഞു.