കേരളം
സംസ്ഥാനത്ത് രോഗ വ്യാപനം അതിരൂക്ഷം; ദിനംപ്രതിയുള്ള കണക്ക് പതിനായിരത്തിന് മുകളിൽ എത്തിയേക്കാം
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ ദിനംപ്രതിയുള്ള കണക്ക് പതിനായിരത്തിന് മുകളിൽ എത്തുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും സംസ്ഥാനത്ത് ഉയരാനുള്ള സാധ്യതയാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടികാട്ടുന്നത്. ടി പി ആർ 5 ശതമാനത്തിനും മുകളിൽ പോകുന്നത് രോഗ വ്യാപനം കൂടുന്നതിന്‍റെ ലക്ഷണമാണ്. രോഗ പകർച്ച ഒഴിവാക്കാൻ പ്രതിരോധം പരമാവധി കടുപ്പിക്കണമെന്ന നിർദ്ദേശം ആരോഗ്യ വകുപ്പ് നൽകിയിട്ടുണ്ട്. ലക്ഷണങ്ങൾ ഉള്ളവർക്ക് ഉടൻ പരിശോധന നടത്തണം. ആന്‍റിജൻ പരിശോധനയിൽ നെഗറ്റീവ് ആയാൽ പി സി ആർ പരിശോധനയും നടത്തണം.
ആശുപത്രികളിൽ കൊവിഡ് ചികിത്സ സൗകര്യങ്ങൾ കൂടുതൽ സജ്ജമാക്കാനുള്ള നിർദ്ദേശവും നൽകി. രോഗ വ്യാപനം കണ്ടെത്തിയാൽ ജില്ല ഭരണകൂടങ്ങൾക്ക് കണ്ടെയ്‌ൻമെന്റ് മേഖലകൾ പ്രഖ്യാപിക്കാനുള്ള അനുമതിയും നൽകിയിട്ടുണ്ട്. ഇതിനിടെ പൊതു ഇടങ്ങളിൽ മാസ്‌ക് സാനിറ്റൈസർ സാമൂഹിക അകലം എന്നിവ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നതിന് പൊലീസ് പരിശോധന തുടരുകയാണ്.
അതേ സമയം കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ബംഗളൂരു ഉൾപ്പെടെ ആറ് നഗരങ്ങളിൽ രാത്രികാല കർഫ്യു ഏർപ്പെടുത്തി കർണാടക സർക്കാർ. നാളെ മുതലാണ് കർഫ്യു. രാത്രി 10 മണി മുതൽ പുലർച്ചെ 5 മണി വരെയാകും നിരേധനാജ്ഞ.
ബംഗളൂരു, മൈസൂരു, മംഗളൂരു, കാലാബുറാഗി, ബിദർ, തുമകുരു, മണിപ്പാൽ എന്നിവിടങ്ങളിലാണ് ഏപ്രിൽ 20 വരെ നിരോധനാജ്ഞ. കൊവിഡ് അതിരൂക്ഷമായ പത്ത് സംസ്ഥാനങ്ങളിൽ ഉൾപ്പെട്ടതാണ് കർണാടകയും. മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ഉത്തർ പ്രദേശ്, ഡൽഹി, മധ്യപ്രദേശ്, തമിഴ്‌നാട്, ഗുജറാത്ത്, കേരള, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനം രൂക്ഷമായ മറ്റ് ഒൻപത് സംസ്ഥാനങ്ങളാണ്.