കേരളം
വനത്തിലേക്ക് കയറി അരിക്കൊമ്പൻ, മൂന്നാം ദിനവും കണ്ടെത്താനായില്ല; തമിഴ്നാടിന്‍റെ ദൗത്യം അനിശ്ചിതത്വത്തിൽ
വനത്തിലേക്ക് കയറിയ അരിക്കൊമ്പനെ കണ്ടെത്താൻ കഴിയാത്തതിനാൽ തമിഴ്നാടിന്റെ ദൗത്യം വീണ്ടും അനിശ്ചിതത്വത്തിലായി. ആനയെ കണ്ടെത്തി പിടികൂടാൻ പ്രത്യേക അഞ്ചാംഗ പ്രത്യേക സംഗത്തെയും നിയോഗിച്ചു. അതേസമയം, അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യമായ ചികിത്സ നൽകണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി. അതിനിടെ കമ്പം ടൗണിൽ വെച്ച് അരിക്കൊമ്പൻ തട്ടിയിട്ട് പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ കമ്പം സ്വദ്ദേശി പാൽരാജ് മരിച്ചു.
രാവിലെ ഷൺമുഖ നദീ ഡാമിന് സമീപത്തെ ഷൺമുഖനാഥ ക്ഷേത്ര പരിസരത്ത് അരിക്കൊമ്പൻ എത്തിയിരുന്നു. ക്ഷേത്രത്തിലുണ്ടായിരുന്ന വൃദ്ധ കൊമ്പനെ നേരിട്ട് കണ്ടു. വിവരം വനം വകുപ്പിനെയും പൊലീസിനെയും അറിയിച്ചു. വനപാലകർ എത്തിയപ്പോഴേക്കും അരിക്കൊമ്പൻ മറ്റൊരു സ്ഥലത്തേക്ക് നടന്ന് നീങ്ങി. ആന ഒന്നര കിലോമീറ്ററിലധികം വനത്തിലൂടെ സഞ്ചരിച്ചതായാണ് വിവരം. വനത്തിൽ നിന്നും ആവശ്യത്തിന് ഭക്ഷണവും വെള്ളവും കുടിച്ച് ആരോഗ്യം വീണ്ടെടുത്ത് കൊണ്ടിരിക്കുകയാണ്. കൊമ്പനെ മയക്കുവെടിവെയ്ക്കാൻ അനുയോജ്യമായ സ്ഥലത്തേക്കെത്തിക്കാനുളള ശ്രമമാണ് വനം വകുപ്പ് നടത്തുന്നത്. ഉൾക്കാട്ടിലുള്ള അരിക്കൊമ്പനെ നേരിട്ട് കാണാൻ വനം വകുപ്പിനായിട്ടില്ല.
ഇതേ തുടർന്നാണ് ആനകളെ പിടികൂടാൻ പ്രത്യേക പരിശീലനം നേടിയ സംഘത്തെ മുതുമലയിൽ നിന്നും എത്തിക്കുന്നത്.
സംഘത്തിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട മീൻ കാളാൻ, ബൊമ്മൻ, സുരേഷ്, ശിവ, ശ്രീകാന്ത് എന്നിവരോടൊപ്പം, വെറ്ററിനറി സർജൻ ഡോ. രാജേഷുമുണ്ടാകും. ജനവാസ മേഖലയിലേക്ക് ഇറങ്ങി വന്നാൽ മാത്രം മയക്കുവെടി വച്ചാൽ മതിയെന്നാണ് വനം വകുപ്പ് തീരുമാനം. അരിക്കൊമ്പൻ കമ്പം ടൗണിലൂടെ വിരണ്ട് ഓടുന്നതിനിടെയാണ് എതിരെ ബൈക്കിൽ വന്ന പാൽരാജിനെ തട്ടിയിട്ടത്. തലക്ക് ഗുരുതരമായി പരിക്കേറ്റ് തേനി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് പാൽരാജ് മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. അതിനിടെ, അരിക്കൊമ്പനായി ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബാണ് ഹൈക്കോടതിയിൽ ഹർജി നൽകി. തമിഴ്നാട് പിടികൂടിയാലും കേരളത്തിന് കൈമാറണമെന്നും കേരളത്തിലെ മറ്റൊരു ഉൾവനത്തിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടാണ് ഹർജി. കേന്ദ്രസർക്കാരിനൊപ്പം തമിഴ്നാട് സർക്കാരിതെയും ഹർജിയിൽ എതിർകക്ഷിയാക്കിയിട്ടുണ്ട്.