കേരളം
വയനാട്ടില്‍ ഇന്ന് ഹര്‍ത്താല്‍
വയനാട് വന്യജീവി സങ്കേതത്തിന് സമീപത്തെ ജനവാസപ്രദേശം പരിസ്ഥിതി ലോലമേഖലയാക്കാനുള്ള കേന്ദ്രത്തിന്റെ കരട് വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിൽ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
അവശ്യ സേവനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കുമെന്ന് യുഡിഎഫ് നേതൃത്വം അറിയിച്ചു. വിജ്ഞാപനത്തിനെതിരെ ജില്ലയില്‍ വിവിധയിടങ്ങളില്‍ ഇന്ന് രാവിലെ പത്ത് മണിക്ക് പ്രതിഷേധ പ്രകടനം നടക്കും. ഹര്‍ത്താലിന് വ്യാപാരി സംഘടനകളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
അന്തർ സംസ്ഥാന സർവീസുകൾ അടക്കം വാഹന ഗതാഗതം പൂർണമായും നിലച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ കടകമ്പോളങ്ങൾ തുറന്നിട്ടില്ല.
കർണാടകത്തിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരെ അതിർത്തിയിൽ തടഞ്ഞിരിക്കുകയാണ്. യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താലാണെങ്കിലും എല്ലാവരും സമരത്തോട് സഹകരിക്കുന്ന അവസ്ഥയാണുള്ളത്. ഇന്നത്തെ ഹർത്താൽ തുടക്കം മാത്രമാണെന്നാണ് സമരക്കാർ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് വന്യജീവി സങ്കേതത്തിന്റെ അതിര്‍ത്തിക്ക് ചുറ്റും 3.4 കിലോ മീറ്റര്‍ പ്രദേശം പരിസ്ഥിതി ദുര്‍ബല മേഖലയായി പ്രഖ്യാപിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കരട് വിജ്ഞാപനം പുറത്തിറക്കിയത്. വിജ്ഞാപനം പുറത്തിറക്കിയ തിയ്യതി മുതല്‍ ഈ മേഖലയില്‍ മലിനീകരണത്തിനടയാക്കുന്ന വ്യവസായങ്ങള്‍ നടത്താന്‍ അനുമതിയില്ല. ഹോട്ടലുകളും റിസോര്‍ട്ടുകളും തുറക്കുന്നത് നിരോധിച്ചു. റോഡ് നിര്‍മാണപ്രവര്‍ത്തനങ്ങളും നിയന്ത്രിക്കും. ഒപ്പം പാറപൊട്ടിക്കല്‍, ഖനനം, മരും മുറിക്കല്‍ എന്നിവയ്ക്കും അനുമതിയില്ല.