കേരളം
ഫോണ്‍ കോളിലൂടെ അക്ഷയയില്‍ ഹാക്കിങ്; വ്യാജ ആധാര്‍ കാര്‍ഡുകള്‍ നിര്‍മ്മിച്ച സംഭവത്തില്‍ അന്വഷണം
തിരൂരിലെ അക്ഷയ കേന്ദ്രത്തിലെ യന്ത്രം ഹാക്ക് ചെയ്ത് വ്യാജ ആധാര്‍ കാര്‍ഡുകള്‍ നിര്‍മ്മിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സൈബര്‍ ക്രൈം വിഭാഗമാണ് അന്വേഷണം നടത്തുന്നത്. ആലിങ്ങലിലെ അക്ഷയകേന്ദ്രത്തിലെ ആധാര്‍ യന്ത്രം ഹാക്ക് ചെയ്ത് 38 വ്യാജ ആധാര്‍ കാര്‍ഡുകളാണ് നിര്‍മ്മിച്ചത്. യൂനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി നടത്തിയ പരിശോധനയിലായിരുന്നു വ്യാജ ആധാര്‍ നിര്‍മ്മിച്ച വിവരം കണ്ടെത്തിയത്.
വന്‍ സുരക്ഷയിലാണ് ആധാര്‍ എന്റോള്‍മെന്റ് നടക്കുന്നത് എന്നിരിക്കെ ഏറെ ആസൂത്രിതമായാണ് അക്ഷയ കേന്ദ്രത്തില്‍ ഹാക്കിങ് നടന്നിരിക്കുന്നതെന്നാണ് കണ്ടെത്തല്‍. ജനുവരി 12നായിരുന്നു ഹാക്കിങ് നടന്നത്. ഒരു ഫോണ്‍കോളിലൂടെയാണ് ഹാക്കിങ് നടന്നത് എന്നതാണ് ശ്രദ്ധേയം. യൂണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രതിനിധി എന്നാണ് ഫോണ്‍ വിളിച്ചയാള്‍ പരിചയപ്പെടുത്തിയതെന്ന് അക്ഷയകേന്ദ്രം അധികൃതര്‍ പറയുന്നു.
ആധാര്‍ മെഷീന്‍ 10,000 എന്റോള്‍മെന്റ് പൂര്‍ത്തിയാക്കിയതിനാല്‍ വെരിഫിക്കേഷന്‍ ആവശ്യമാണെന്നാണ് ഇയാള്‍ പറഞ്ഞത്. തുടര്‍ന്ന് കംപ്യൂട്ടറില്‍ എനിഡെസ്‌ക് എന്ന സോഫ്റ്റ്‌വെയര്‍ കണക്ട് ചെയ്യാന്‍ നിര്‍ദേശിച്ചു. ഒരാളുടെ എന്റോള്‍മെന്റ് ചെയ്യാന്‍ ആവശ്യപ്പെടുകയും ഇതിന് ശേഷം പരിശോധന പൂര്‍ത്തിയായെന്ന് പറഞ്ഞ് കോള്‍ അവസാനിപ്പിക്കുകയുമായിരുന്നു. പിന്നീട് പ്രൊജക്ട് ഓഫീസില്‍ നിന്ന് മെയില്‍ വന്നതോടെയാണ് തട്ടിപ്പ് നടന്നുവെന്ന് മനസിലാക്കിയത്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!