Editorial
സിറ്റിസൺ കേരളയുടെ സാരഥിയായി ഇനി ഗുർദീപ് കൗറും
രാഷ്ട്രീയ വർഗീയ സാമുദായിക ചേരിതിരിവുകൾ ഇല്ലാതെ ജനങ്ങൾക്ക് ആവശ്യമായ വാർത്തകളും അറിവുകളും എത്തിക്കാൻ ശ്രമിക്കുന്ന മലയാളത്തിലെ ഒരു സ്വതന്ത്ര ഓൺലൈൻ മാധ്യമമായ സിറ്റിസൺ കേരളയ്ക്ക് ഇനി സാരഥിയായി ഗുർദീപ് കൗർ എന്ന സിഖുകാരി – മലയാളിയും. സിറ്റിസൺ കേരളയുടെ ചീഫ് എഡിറ്റർ ആയി ആണ് സിറ്റിസൺ കേരളയുടെ ഒന്നാം വാർഷികമായ കേരളപിറവി ദിനത്തിൽ ഗുർദീപ് കൗർ ചുമതലയേൽക്കുന്നത്.
ദൂരദർശന്റെ തുടക്കകാലം മുതൽ 18 വർഷത്തോളം നിരവധി ജനപ്രിയ പ്രോഗ്രാമുകളുടെ ഔട്ട്സൈഡ് പ്രൊഡ്യൂസർ എന്ന നിലയിൽ ശ്രദ്ധേയയായിരുന്നു കൗർ. തുടർന്ന് സൂര്യ ടിവിയുടെ ആരംഭകാലത്ത് പ്രോഗ്രാംസ് HOD ആയി ചുമതലയേറ്റു, അമൃത ടിവി, ACV എന്നിവയിൽ നിരവധി പ്രോഗ്രാമുകളിൽ സാന്നിധ്യം ഉറപ്പിച്ചു. ACV യിലെ ഗുർദീപിന്റെ ‘താങ്ങും തണലും’ എന്ന പരിപാടി കേരളം മുഴുവൻ ശ്രദ്ധിച്ചിരുന്നു. മാധ്യമരംഗത്തെ ദീർഘകാലത്തെ പ്രവർത്തി പരിചയത്തോടൊപ്പം തന്നെ മികച്ച ഒരു സംഘാടകയും ആണ് ദീപ എന്ന ഗുർദീപ് കൗർ. എക്സ്പ്രഷൻസ് ഇന്ത്യ സൊസൈറ്റിയുടെ സെക്രട്ടറി, Mom’s Fresh, സ്പന്ദൻ, യുവജോബ് ഡ്രൈവ് എന്നിവയുടെ സ്ഥാപക എന്നീ നിലകളിലും മികച്ച പ്രവർത്തനങ്ങൾ നടത്തിവരുന്നു.
നാവികസേന ഉദ്യോഗസ്ഥനായിരുന്ന അച്ഛൻ കൊച്ചിയിലെത്തിയപ്പോൾ തുടങ്ങിയതാണ് ഗുർദീപ് കൗർ എന്ന സിഖുകാരിയുെടെ മലയാളിബന്ധം. കൊച്ചിയിൽ പഠിച്ചു വളർന്നായിരുന്നു കൗറിന്റെ കുട്ടിക്കാലം. അന്താരാഷ്ട്ര പ്രശസ്ത ഹ്രസ്വചിത്ര നിർമാതാവ് വേണുനായരുടെ ഭാര്യയായാണ് ഗുർദീപ് തിരുവനന്തപുരത്തെത്തിയത്. തുടർന്ന് കുടുംബത്തോടൊപ്പം ചേർന്ന് നിന്ന് വിവിധങ്ങളായ പ്രവർത്തനങ്ങളിൽ മുഴുകുന്നു.
വർഷങ്ങൾക്കപ്പുറം തുടങ്ങിയതാണ് കൗറിന്റെ നേതൃത്വ പ്രവർത്തനങ്ങൾ. കോളേജ് പഠനത്തോടൊപ്പം NSS ന്റെ വോളന്റീർ സെക്രട്ടറിയായും തിളങ്ങി. 80കളുടെ അവസാനത്തിൽ എറണാകുളം സെന്റ് തെരേസാസ് കോളേജിൽ യൂണിയന്റെ സ്വതന്ത്ര കൗൺസിലറായിരുന്ന ഗുർദീപ് കൗർ എന്ന പെൺകുട്ടിയെ സ്വന്തം പക്ഷത്താക്കാൻ രാഷ്ട്രീയ നേതാക്കൾ പരക്കംപാഞ്ഞിരുന്നു. എം.ജി. യൂണിവേഴ്സിറ്റി യൂണിയൻ വൈസ്-ചെയർപേഴ്സണായി മത്സരിക്കാൻ തീരുമാനിച്ച ആ തീപ്പൊരിപ്പെണ്ണിനെ തങ്ങളുടെ പാർട്ടിയിൽ ചേർക്കാനുള്ള തത്രപ്പാടിലായിരുന്നു അവർ. വർഷങ്ങൾക്കിപ്പുറം സാമൂഹിക – സന്നദ്ധ പ്രവർത്തനങ്ങൾ മാത്രമാണ് സ്വന്തം രാഷ്ട്രീയം.
മുപ്പതു വര്‍ഷങ്ങളായി സീരിയല്‍, ഡോകുമെന്ററി, പരസ്യ ചിത്ര നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന, നിരവധി ദേശീയ – അന്തർദേശീയ പുരസ്‌കാര ജേതാവായ വേണു നായര്‍ ആണ് ഗുർദീപ് കൗറിന്റെ ഭർത്താവ്. ഗവേഷക വിദ്യാർഥിനിയായ മൂത്തമകൾ ഗൗതമി മോഡലും, മോഡറേറ്ററും എഴുത്തുകാരിയുമാണ്. ബാംഗ്ലൂരിലെ ക്രൈസ്റ്റിൽ നിന്ന് എംബിഎ ബിരുദധാരിയായ ഇളയമകൾ ഗായത്രിയും മോഡലും, മോഡറേറ്ററും ആണ്.
പഞ്ചാബിലെ വേരുകളിൽനിന്നു ഗുർദീപിനു പകർന്നുകിട്ടിയ തീപ്പൊരി, മികച്ച ഒരു സംഘാടക, സാമൂഹിക പ്രവർത്തക എന്നീ നിലകളിൽ കേരളത്തിലും അണയാതെ കാക്കുകയാണ് ഇപ്പോഴും… സിറ്റിസൺ കേരളയുടെ കുടുംബത്തിലേക്ക് സ്നേഹപൂർവ്വം സ്വാഗതം….
Gurdeep Kour Venu, Chief Editor
[email protected]
സ്നേഹപൂർവ്വം,
അനൂപ് കുമാർ ജെ.ആർ
Founder & Managing Editor
CITIZEN KERALA
[email protected]