കേരളം
സി.എ.ജിക്കെതിരായ സര്‍ക്കാര്‍ നീക്കം അഴിമതി മറയ്ക്കാന്‍: രമേശ് ചെന്നിത്തല
കിഫ്ബി വിവാദം, സ്വര്‍ണക്കടത്ത്, മയക്കുമരുന്ന് കേസുകളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് സി.എ.ജിക്കെതിരായ നീക്കമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫിസ് ഉള്‍പ്പെട്ട ഗുരുതരമായ അഴിമതി ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് തോമസ് ഐസക് ഉണ്ടയില്ലാ വെടി വെച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോടികളുടെ അഴിമതിയാണ് കിഫ്ബിയില്‍ നടക്കുന്നത്. ഇത് സി.എ.ജി കണ്ടെത്തുമെന്ന് ഭയന്നാണ് മുന്‍കൂട്ടിയുള്ള ഐസകിന്റെ പത്രസമ്മേളനം. നിയമപരമായും ഭരണഘടനാപരമായും ധനമന്ത്രി കരട് റിപ്പോര്‍ട്ട് പുറത്തുവിട്ടത് തെറ്റാണ്. നിയമസഭയുടെ മേശപ്പുറത്താണ് സി.എ.ജിയുടെ ഫൈനല്‍ റിപ്പോര്‍ട്ട് വെക്കേണ്ടത്.
മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫിസ് നടത്തിയ അഴിമതി പൊതുജനങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ്. അതിന്റെ തിരിച്ചടി ഒഴിവാക്കാനാണ് ശ്രദ്ധ തിരിച്ചുവിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി ആയിരിക്കെ കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലാണ് മയക്കുമരുന്ന് കച്ചവടം നടന്നത്.
കോടിയേരി സ്ഥാനത്ത് നിന്ന് മാറിനിന്നത് കൊണ്ടൊന്നും അവസാനിക്കാന്‍ പോകുന്നില്ല. മുഖ്യമന്ത്രിയുടെ രാജിയാണ് പ്രതിപക്ഷത്തിന്റെ ആവശ്യമെന്നും ചെന്നിത്തല പറഞ്ഞു. സ്വര്‍ണകള്ളക്കടത്ത്, ലഹരിമരുന്ന് കേസുകളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് തോമസ് ഐസക് ശ്രമിക്കുന്നത്. കിഫ്ബിയില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടക്കുന്നു.
ഓഡിറ്റുകള്‍ വേണ്ട എന്ന നിലപാട് അഴിമതി നടത്താനാണ്. കേരളത്തിലെ മുഖ്യമന്ത്രിക്ക് ഒരു നിമിഷം അധികാരത്തില്‍ തുടരാന്‍ അവകാശമില്ല. സി.എ.ജി. ഭരണഘടനാ സ്ഥാപനമാണ്. അഴിമതികളും ക്രമക്കേടുകളും കണ്ടെത്താന്‍ ബാധ്യസ്ഥമാണ്.
അക്കൗണ്ടുകള്‍ പരിശോധിക്കാനും ബാധ്യസ്ഥരാണ്. സര്‍ക്കാരിന്റെ അഴിമതികള്‍ കണ്ടെത്താന്‍ ആരും മുന്നോട്ടു വരരുതെന്നാണ് ഇവരുടെ നിലപാട്. അഴിമതി മൂടി വയ്ക്കുന്നത് നടക്കുന്ന കാര്യമല്ല. സി.എ.ജി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി മുന്‍ സര്‍ക്കാരുകള്‍ക്കെതിരേ സമരം നടത്തിയവരാണ് ഇപ്പോള്‍ സി.എ.ജിക്കെതിരേ രംഗത്തു വന്നിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.