ദേശീയം
‘തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്ക് പ്രതിമാസം 6000 രൂപ വീതം ധനസഹായം’; വിശദീകരണവുമായി കേന്ദ്രം
തൊഴില്‍രഹിതരായ യുവജനങ്ങള്‍ക്ക് പ്രതിമാസം ആറായിരം രൂപ വീതം ധനസഹായമായി കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്ന് സോഷ്യല്‍മീഡിയയില്‍ പ്രചാരണം. പ്രധാനമന്ത്രി ബെറോജ്ഗരി ഭട്ട യോജന പ്രകാരം തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്ക് ആറായിരം രൂപ വീതം നല്‍കുമെന്നാണ് സന്ദേശത്തിന്റെ ഉള്ളടക്കം.
എന്നാല്‍ ഇത് വ്യാജമാണെന്നും ഇത്തരത്തില്‍ ഒരു ധനസഹായം ആര്‍ക്കും നല്‍കുന്നില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. പ്രധാനമന്ത്രി ബെറോജ്ഗരി ഭട്ട യോജന എന്ന പേരില്‍ ഒരു കേന്ദ്രസര്‍ക്കാര്‍ പദ്ധതിയും ഇല്ലെന്ന് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വ്യക്തമാക്കുന്നു.
തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്ക് പ്രതിമാസം ആറായിരം രൂപ വീതം ധനസഹായമായി നല്‍കുമെന്നാണ് വാട്സ് ആപ്പ് സന്ദേശം. ഇത് വ്യാജമാണ്. കേന്ദ്രസര്‍ക്കാരിന് ഇത്തരത്തിലുള്ള ഒരു പദ്ധതിയില്ല. ഇത്തരം സന്ദേശം ആര്‍ക്കും പങ്കുവെയ്ക്കരുതെന്നും പിഐബി ഫാക്ട് ചെക്ക് വ്യക്തമാക്കുന്നു.