കേരളം
ഡോക്ടർമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ച നടപടിക്കെതിരെ വ്യാപക പ്രതിഷേധം; ആഗസ്റ്റ് 31 പ്രതിഷേധ ദിനം
കേരളത്തിലെ ശക്തമായ പൊതുജനാരോഗ്യ സംവിധാനം കഴിഞ്ഞ ഒന്നര വർഷത്തിലധികമായി കൊവിഡ് എന്ന മഹാമാരിക്കെതിരെ മുന്നിൽനിന്ന് പോരാടുകയാണ്. കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിലെ മുന്നണി പോരാളികളായ സംസ്ഥാനത്തെ ആരോഗ്യ വകുപ്പിൽ ജോലി ചെയ്യുന്ന ഡോക്ടർമാരുടെ പല ആനുകൂല്യങ്ങളും വെട്ടിക്കുറച്ചിരിക്കുന്നു. ഇത്തരത്തിൽ ഡോക്ടർമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ച നടപടിക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ് ഡോക്ടർ മാരുടെ സംഘടന.
നീതി നിഷേധങ്ങൾക്കെതിരെ ഉത്തരവിറങ്ങിയ ശേഷം മാസങ്ങളായി നടത്തി വരുന്ന അഭ്യർത്ഥന പരിഗണിക്കപ്പെടാത്ത സാഹചര്യത്തിൽ കേരള ഗവൺമെൻറ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ പരസ്യ പ്രതികരണത്തിന് നിർബന്ധിതരായിരിക്കുന്നത്. ആഗസ്റ്റ് 31 സംസ്ഥാന വ്യാപകമായി കേരള ഗവൺമെൻറ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ പ്രതിഷേധ ദിനമായി ആചരിക്കുന്നു.
രോഗിപരിചരണത്തെ ബാധിക്കാത്ത തരത്തിൽ എല്ലാ സ്ഥാപനങ്ങളിലും പ്രതിഷേധയോഗങ്ങൾ സംഘടിപ്പിക്കുന്നതിനു പുറമെ അന്നേ ദിവസം എല്ലാ ജില്ല ആസ്ഥാനങ്ങളിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഉച്ചക്കു ശേഷം രണ്ടു മണി മുതൽ മൂന്നു മണി വരെ കെ ജി എം ഒ എ യുടെ നേതൃത്വത്തിൽ ധർണ്ണ നടത്തുന്നതായിരിക്കും.
ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം കൂടുതൽ ശക്തമായ പ്രത്യക്ഷ പ്രതിഷേധങ്ങളിലേക്ക് സംഘടന പോവുന്നതായിരിക്കുമെന്നും. സ്വന്തം ആരോഗ്യം തൃണവത്കരിച്ച് സമൂഹത്തിനായി കൊവിഡ് പ്രതിരോധ പോരാട്ടം മുന്നോട്ടു കൊണ്ടു പോകുന്ന സർക്കാർ ഡോക്ടർമാരെ പ്രത്യക്ഷ സമരത്തിലേക്ക് തള്ളിവിടാതെ അവരുടെ ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കാൻ എല്ലാവരുടെ പിന്തുണയുണ്ടാകണമെന്ന് കെ ജി എം ഒ എ ആവശ്യപ്പെട്ടു.