കേരളം
വിഴിഞ്ഞം തുറമുഖം നിര്‍മ്മാണം: അദാനി ഗ്രൂപ്പിനെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് സര്‍ക്കാര്‍
വിഴിഞ്ഞം തുറമുഖം നിര്‍മ്മാണം ലത്തീൻ സഭയുടെ സമരം മൂലം തടസ്സപ്പെട്ട സാഹചര്യത്തിൽ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടുന്നു. നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്യാൻ അദാനി ഗ്രൂപ്പിനെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലുമായി അദാനി പോര്‍ട്സ് ലിമിറ്റഡ് സിഇഒ രാജേഷ് ജാ വ്യാഴാഴ്ച ചർച്ച നടത്തുമെന്നാണ് സൂചന. സമരത്തിൻ്റെ പശ്ചാത്തലത്തിൽ പദ്ധതി എങ്ങനെ മുന്നോട്ട് കൊണ്ടു പോകുമെന്ന് യോഗം ചര്‍ച്ച ചെയ്യും.
ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം മൂലം 54 ദിവസമായി തുറമുഖ നിര്‍മ്മാണം തടസ്സപ്പെട്ട സാഹചര്യത്തിലാണ് സര്‍ക്കാര്‍ അദാനി ഗ്രൂപ്പുമായി ചര്‍ച്ച നടത്തുന്നത്. സമരം മൂലം അദാനി ഗ്രൂപ്പിനുണ്ടായ നഷ്ടം ലത്തീൻ അതിരൂപതയിൽ നിന്ന് ഈടാക്കണമെന്ന് പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള വിഴിഞ്ഞം സീപോർട്ട് ലിമിറ്റഡ് നേരത്തെ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. തീര ജനതയോടുള്ള വെല്ലുവിളിയാണ് ഈ ശുപാര്‍ശയെന്ന് അതിരൂപത പ്രതികരിച്ചിരുന്നു.
വിഴിഞ്ഞം തുറമുഖ സമരം കാരണം ഇതുവരെ നൂറ് കോടിയുടെ നഷ്ടമുണ്ടായെന്നാണ് അദാനി ഗ്രൂപ്പ് പറയുന്നത്. സമരം തുടർന്നാൽ അടുത്ത വർഷവും തുറമുഖ നിർമാണം തീരില്ലെന്ന് അദാനി ഗ്രൂപ്പ് സർക്കാറിനെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.