കേരളം
കൂട്ടിയ വില സർക്കാർ ഇടപെട്ട് കുറച്ചുവെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ
സപ്ലൈകോ ഇന്നലെ കൂട്ടിയ ഉത്പന്നങ്ങളുടെ വില സർക്കാർ ഇടപെട്ട് കുറച്ചെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. 13 ഉത്പന്നങ്ങൾക്ക് 6 വർഷമായിട്ടും വില കൂട്ടിയിട്ടില്ലെന്ന് മന്ത്രി ആവർത്തിച്ചു. 35 ഇനങ്ങൾക്ക് പൊതുവിപണിയെക്കാൾ വിലക്കുറവാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വൻപയറും, മുളകും പഞ്ചസാരയും അടക്കമുള്ള സാധനങ്ങൾക്ക് വില കുറച്ചുവെന്നാണ് സംസ്ഥാന ഭക്ഷ്യമന്ത്രിയുടെ വിശദീകരണം.
വൻപയറിനും കടുകിനും മല്ലിക്കും 4 രൂപ വീതമാണ് വില കുറച്ചത്. ജീരകത്തിന്റെ വില 14 രൂപ കുറച്ചു ഇതിന് പുറമേ മുളകിന് എട്ട് രൂപയും, പിരിയൻ മുളകിന് പത്ത് രൂപയും കുറച്ചുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ചെറുപയർ പരിപ്പിന് പത്ത് രൂപയാണ് വില കുറച്ചത്.
മാർക്കറ്റ് വിലയേക്കാൾ 50% കുറവിലാണ് സബ്സിഡി സാധനങ്ങളുടെ വിൽപനയെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ ആവർത്തിച്ചു. 35 ഇനങ്ങൾക്ക് പൊതുവിപണിയേക്കാൾ വിലക്കുറവാണ് സപ്ലൈക്കോ നൽകുന്നതെന്ന് പറഞ്ഞ ജി ആർ അനിൽ സപ്ലൈക്കോയിലെ 85% വിൽപനയും സബ്സിഡി നിരക്കിലാണെന്ന് ഓർമ്മപ്പെടുത്തി.
പഞ്ചസാര, ജയ അരി, മട്ട അരി എന്നിവയ്ക്ക് 50 പൈസ വീതമാണ് സപ്ലൈക്കോ വിലകുറച്ചത്. സബ്സിഡിയിതര നിത്യോപയോഗ സാധനങ്ങൾക്ക് സപ്ലൈക്കോയും വില കൂട്ടിയത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്, ഇതിൽ പ്രതിഷേധമുയരുന്നതിനിടെയാണ് സർക്കാരിന്റെ ഇടപെടൽ.