കേരളം
പേവിഷബാധ പ്രതിരോധ വാക്സിന്റെ ഗുണനിലവാരം പരിശോധിക്കും; സർക്കാർ വിദഗ്ദ്ധ സമിതിയെ നിയമിച്ചു
പേവിഷബാധ പ്രതിരോധ വാക്സിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ശാസ്ത്രീയ അന്വേഷണം നടത്തുന്നതിന് ഒരു വിദഗ്ദ്ധ സമിതിയെ ഓഗസ്റ്റ് അവസാനം ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് സർക്കാർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. വിദഗ്ദ്ധ സമിതിയുടെ തീരുമാനം വരുന്നതിന് മുമ്പ് ഇക്കാര്യത്തിൽ ഒരു നിഗമനത്തിലെത്തുന്നത് അകാലത്തിലാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് പറഞ്ഞു.
സെൻട്രൽ ലാബിന്റെ ഗുണനിലവാര സർട്ടിഫിക്കേറ്റില്ലാത്ത പേവിഷബാധ പ്രതിരോധ വാക്സിൻ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചു. കോർപ്പറേഷൻ സംഭരിച്ച് വിതരണം ചെയ്യുന്ന മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് അംഗീകൃത ലാബിന്റെ പരിശോധനാ സർട്ടിഫിക്കേറ്റ് നിർബന്ധമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ ആന്റീ റാബീസ് പോലുള്ള മരുന്നുകൾക്ക് ഗുണനിലവാര സർട്ടിഫിക്കേറ്റ് ഉണ്ടാകാറില്ല. പേവിഷബാധക്കുള്ള മരുന്നു വിതരണം നടത്താൻ കോർപ്പറേഷൻ ഏൽപ്പിച്ചിരിക്കുന്ന വിൻസ് ബയോ പ്രോഡക്റ്റ്സ് ലിമിറ്റഡ് വിതരണം ചെയ്യുന്ന മരുന്നിന് വിപണന നിരോധനം നിലവിലില്ല. മരുന്നുകൾക്ക് പണം നൽകുന്നതിന് മുമ്പ് കേന്ദ്ര ഡ്രഗ്സ് ലാബിന്റെ റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദ്ദേശം നൽകിയിരുന്നു.
കഴിഞ്ഞ വർഷങ്ങളിൽ പേവിഷബാധക്കുള്ള മരുന്നുകളുടെ ഉപഭോഗം വർധിച്ച സാഹചര്യത്തിൽ വിൻസ് ലിമിറ്റഡിന് 2015-20 വരെ സെൻട്രൽ ഡ്രഗ്സ് ലാബിന്റെ അംഗീകാരത്തിന് ഇളവ് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കേന്ദ്രസർക്കാരിന്റെയും മറ്റ് ഏജൻസികളുടെയും സർക്കുലറിന്റെയും അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷങ്ങളിലും സർട്ടിഫിക്കേഷനിൽ ഇളവ് നൽകിയിട്ടുണ്ട്. റിപ്പോർട്ട് ലഭിക്കാനുള്ള കാലതാമസവും മരുന്നുകളുടെ അനിവാര്യതയുമാണ് സർട്ടിഫിക്കേറ്റ് ഒഴിവാക്കാൻ കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.