കേരളം
മോഷണകുറ്റം ആരോപിച്ച് അച്ഛനും മകൾക്കും പരസ്യ വിചാരണ; പൊലീസ് ഉദ്യോഗസ്ഥയ്ക്ക് ‘നല്ല നടപ്പ്’ ശിക്ഷ
പൊതുനിരത്തിൽ മൂന്നാം ക്ലാസുകാരിയെയും പിതാവിനെയും അപമാനിച്ച സംഭവത്തിൽ പിങ്ക് പൊലീസ് ഓഫീസറായിരുന്ന രജിതയ്ക്ക് നല്ല നടപ്പ് ശിക്ഷ. ഇതിന്റെ ഭാഗമായി 15 ദിവസത്തെ നല്ല നടപ്പ് പരിശീലനത്തിനായി രജിതയെ വിടാൻ ഉത്തരവ്. കൊല്ലത്ത് നടക്കുന്ന പരിശീലനത്തിലാണ് രജിത പങ്കെടുക്കേണ്ടത്. അച്ചടക്ക നടപടിയുടെ ഭാഗമായി പിങ്ക് പൊലീസ് ഓഫീസറായിരുന്ന രജിതയെ റൂറൽ എസ്പി ഓഫീസിലേക്ക് സ്ഥലം മാറ്റിയിരുന്നു.
ആറ്റിങ്ങൽ ഡിവൈഎസ് പി നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് റൂറൽ എസ് പിക്ക് കൈമാറിയതിന് പിന്നാലെയാണ് സ്ഥലം മാറ്റൽ നടപടി. ഇതിന് ശേഷമാണ് ഇപ്പോൾ നല്ല നടപ്പിനും ഉത്തരവിട്ടിരിക്കുന്നത്.
എന്നാൽ ഉദ്യോഗസ്ഥയ്ക്ക് നൽകിയ ശിക്ഷ കുറഞ്ഞു പോയെന്ന് വിചാരണ നേരിടേണ്ടി വന്ന തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രൻ ആരോപിച്ചു. ഉദ്യോഗസ്ഥയ്ക്കെതിരെ കൂടുതൽ കടുത്ത നടപടികൾ സ്വീകരിക്കണമെന്നും ജയചന്ദ്രൻ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷനും ഡിജിപിയ്ക്കും പരാതി നൽകുമെന്ന് ജയചന്ദ്രൻ വ്യക്തമാക്കി.
പൊലീസുകാരിയുടെ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് പെൺകുട്ടിയെയും പിതാവിനെയും പരസ്യ വിചാരണ നടത്തിയെന്നായിരുന്നു ഇവർക്കെതിരെ ഉയർന്ന പരാതി. ജയചന്ദ്രനും മകളുമാണ് ചെയ്യാത്ത കുറ്റത്തിന് അപമാനം ഏറ്റുവാങ്ങിയത്. എന്നാൽ ഫോൺ പിന്നീട് പൊലീസുകാരുടെ ബാഗിൽ നിന്നു തന്നെ കണ്ടെത്തി.
റോക്കറ്റുകളുടെ എയറോഡൈനാമിക് ടെസ്റ്റിങ്ങ് നടത്തുന്നതിനുള്ള ഉപകരണങ്ങളുമായി വരുന്ന ഐഎസ്ആർഒ വാഹനം കാണണമെന്നു മകൾ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇവർ ആറ്റിങ്ങലിൽ എത്തിയത്.
അതിനിടയിലാണ് മൊബൈൽ കാണാനില്ലെന്ന ആരോപണമുണ്ടായത്. ഫോൺ എടുക്കുന്നതും മകളുടെ കൈയിൽ കൊടുക്കുന്നതും താൻ കണ്ടെന്നും മകളെ ഇങ്ങോട്ട് വിളിക്കാനും പൊലീസുകാരി ആവശ്യപ്പെട്ടു. ചോദ്യം ചെയ്യുന്നതിനിടെ കുഞ്ഞ് ഭയന്ന് കരയാൻ തുടങ്ങിയതോടെ നാട്ടുകാർ ചുറ്റും കൂടി. ജയചന്ദ്രന്റെ ഷർട്ട് ഉയർത്തി ദേഹപരിശോധന നടത്തുകയും മോഷ്ടാവെന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു.