കേരളം
സ്വര്‍ണക്കടത്ത്: എം ശിവശങ്കറിനു ജാമ്യം
നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട രണ്ടു കേസുകളില്‍, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍സെക്രട്ടറി എം ശിവശങ്കറിനു ജാമ്യം. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലും എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റര്‍ ചെയ്ത കേസിലുമാണ് ജാമ്യം ലഭിച്ചത്. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട കേസില്‍ക്കൂടി ജാമ്യം ലഭിച്ചാലേ ശിവശങ്കറിനു പുറത്തിറങ്ങാനാവൂ.
കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശിവശങ്കറിന്, സാമ്പത്തിക കുറ്റങ്ങള്‍ക്കായുള്ള കോടതി സ്വാഭാവിക ജാമ്യമാണ് അനുവദിച്ചത്. ഇഡി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഈ കേസില്‍ അറസ്റ്റിലായി എണ്‍പത്തിയൊന്‍പതാം ദിവസമാണ് ജാമ്യം ലഭിച്ചത്.
നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഐഎ അന്വേഷിക്കുന്ന കേസില്‍ ശിവശങ്കറിനെ പ്രതി ചേര്‍ത്തിട്ടില്ല.