കേരളം
അന്താരാഷ്ട്ര സ്വര്‍ണ്ണക്കടത്തുകാരുമായി മുഖ്യമന്ത്രിക്കുള്ള ബന്ധം വ്യക്തമായി:കെ.സുരേന്ദ്രന്‍
സ്‌പേസ് പാര്‍ക്കിലെ തന്റെ നിയമനം മുഖ്യമന്ത്രി പിണറായി വിജയന് അറിയാമായിരുന്നുവെന്ന് എന്‍ഫോഴ്‌സ്‌മെന്റിന് കൊടുത്ത മൊഴിയില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് വ്യക്തമാക്കിയതോടെ അന്താരാഷ്ട്ര സ്വര്‍ണ്ണക്കടത്തുകാരുമായി മുഖ്യമന്ത്രിക്കുള്ള ബന്ധം വ്യക്തമായെന്ന് ബി.ജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.
യുഎഇ കോണ്‍സുല്‍ ജനറലിന്റെ സെക്രട്ടറി ആയിരുന്നപ്പോള്‍ തന്നെ മുഖ്യമന്ത്രിക്ക് സ്വപ്നയെ അറിയാമായിരുന്നുവെന്ന ബി.ജെ.പിയുടെ ആരോപണം സ്വപ്നയുടെ മൊഴിയോടെ ശരിയായെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
സ്‌പേസ് പാര്‍ക്കില്‍ ജോലി കിട്ടി എത്തിയെന്ന വിവരം മുഖ്യമന്ത്രിക്ക് അറിയാമായിരുന്നുവെന്നും സ്വപ്ന പറഞ്ഞതോടെ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങളെല്ലാം പച്ചക്കള്ളമാണെന്ന് വ്യക്തമായി. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വേണ്ടി എട്ട് തവണ ശിവശങ്കറിനെ കണ്ടപ്പോള്‍ അതില്‍ അഞ്ചോ ആറോ തവണ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണെന്നത് ഞെട്ടിപ്പിക്കുന്നതാണ്.
രാജ്യദ്രോഹികളായ സ്വര്‍ണ്ണക്കടത്തുകാരുമായി ബന്ധമുള്ള മുഖ്യമന്ത്രി രാജിവെക്കുകയും മന്ത്രിസഭ പിരിച്ചുവിടുകയും വേണം. കെ,എസ്.ഐ.ടി.ഐ.എല്‍ എംഡിയായ ജയശങ്കറും സ്‌പെഷ്യല്‍ ഓഫീസര്‍ സന്തോഷും സ്വപ്നയെ സഹായിച്ചെന്ന് വ്യക്തമാണ്. ശിവശങ്കരന്‍ മുഖ്യമന്ത്രിയുമായി സംസാരിച്ച് എല്ലാം ശരിയാക്കിയതു കൊണ്ടാണ് തനിക്ക് സ്‌പേസ് പാര്‍ക്കില്‍ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചുകൊണ്ടുള്ള വിളി ലഭിച്ചതെന്നും സ്വപ്ന വ്യക്തമാക്കുന്നു.
പി.എസ്.സി നിയമനം തടഞ്ഞ് അര്‍ഹതപ്പെട്ട ഉദ്യോഗാര്‍ത്ഥികളെ കൊലയ്ക്ക് കൊടുത്ത മുഖ്യമന്ത്രി കള്ളക്കടത്തുകാരിക്ക് ജോലിയാക്കി കൊടുത്തിരിക്കുകയാണെന്ന് സുരേന്ദ്രന്‍ പരിഹസിച്ചു. യൂണിടാക് ബില്‍ഡേഴ്‌സില്‍ നിന്ന് 1.08 കോടി രൂപ കമ്മീഷനായി കിട്ടിയെന്ന സ്വപ്നയുടെ മൊഴി ലൈഫ് പദ്ധതിയിലെ അഴിമതിയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് സ്വര്‍ണ്ണക്കടത്തില്‍ നിര്‍ണ്ണായക പങ്കുണ്ടെന്നും കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നുമുള്ള ഇ.ഡിയുടെ നിലപാട് ആരോപണം മുഖ്യമന്ത്രിയിലേക്കാണെന്ന് വ്യക്തമാക്കുന്നുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.