Uncategorized
സ്വർണക്കടത്ത് കേസ്;സരിത് ഉള്‍പ്പെടെ നാലു പ്രതികള്‍ ഇന്ന് ജയിലിൽ മോചിതരാകും
നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിലെ ഒന്നാം പ്രതി സരിത് ഉള്‍പ്പെടെ നാലു പ്രതികള്‍ ഇന്ന് ജയിലിൽ നിന്നുമിറങ്ങും. പൂജപ്പുര സെൻട്രൽ ജയിലിലുള്ള പ്രതികള്‍ക്കെതിരായ കോഫപോസയുടെ കാലാവധി ഇന്ന് അവസാനിക്കും. NIA കേസുള്‍പ്പെടെ മറ്റ് എല്ലാ കേസുകളിലും സരിത്, റമീസ്, ജലാൽ, മുഹമ്മദ് ഷാഫി എന്നിവർക്ക് ജാമ്യം ലഭിച്ചിരുന്നു. ഒരു വർഷത്തിലേറെയായി സരിത് ജയിലാണ്.
നയതന്ത്രചാനൽ വഴി സ്വർണം കടത്തിയത് കസ്റ്റംസ് ആദ്യം അറസ്റ്റ് ചെയ്യുന്നത് യുഎഇ കോണ്‍സിലേറ്റിലെ മുൻ ഉദ്യോഗസ്ഥനായ സരിത്തിനെയാണ്. സ്വർണ കടത്തിലെ മുഖ്യ ആസൂത്രകൻ സരിത്തെന്നാണ് കസ്റ്റംസ്, NIA ഏജൻസികളുടെ കണ്ടെത്തൽ. ജയിലിനുള്ളിൽ വച്ച് മുഖ്യമന്ത്രിക്ക് അനുകൂലമായി മൊഴി നൽകാൻ ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നുവെന്ന് സരിത് കോടതിയ്ക്ക് പരാതി നൽകിയിരുന്നു. സരിത്തിന്‍റെ സുഹൃത്തുക്കളും കൂട്ടു പ്രതികളുമായ സ്വപ്ന, സന്ദീപ് നായർ എന്നിവർ നേരത്തെ ജയിലിൽ നിന്നും ഇറങ്ങി. ഇതോടെ സ്വർണ കടത്തിലെ പ്രധാന പ്രതികളെല്ലാം ജയിലിന് പുറത്തായി
ജാമ്യ ഇളവ് തേടി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നൽകിയ ഹർജിയിൽ എറണാകുളം പ്രിൻസിപ്പിൽ സെഷൻസ് കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാടിൽ സ്വപ്നയ്ക്ക് നേരത്തെ തന്നെ ജാമ്യം കിട്ടിയിരുന്നു. എന്നാൽ മുൻകൂർ അനുമതിയില്ലാതെ എറണാകുളം വിട്ടുപോകരുതെന്ന് ജാമ്യ വ്യവസ്ഥ ഉണ്ടായിരുന്നു. വീട് തിരുവനന്തപുരത്താണെന്നും അവിടെപ്പോകാൻ ഈ വ്യവസ്ഥ നീക്കണമെന്നുമാണ് ആവശ്യം. സ്വപ്ന തിരുവനന്തപുരത്തേക്ക് പോകുന്നതിൽ എതിർപ്പില്ലെന്നും എന്നാൽ കേരളം വിട്ടുപോകണമെങ്കിൽ മുൻകൂർ അനുമതി തേടണമെന്നും എൻഫോഴ്സ്മെന്‍റും കഴിഞ്ഞ ദിവസം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഹർജി ഇന്നലെ പരിഗണിച്ച കോടതി ഉത്തരവിനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു
ഇതിനിടെ ഇതേ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നൽകിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് AM.ഖാൻവീൽക്കര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. ഹൈക്കോടതി ശിവശങ്കറിന് നൽകിയ ജാമ്യം ഉടൻ റദ്ദാക്കാൻ കോടതി വിസമ്മതിച്ചിരുന്നു. ശിവശങ്കര്‍ ജയിലിൽ നിന്ന് പുറത്തിറങ്ങിയ സാഹചര്യത്തിൽ വീണ്ടും ജയിലിലേക്ക് അയക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിലെ സ്വാധീനം ഉപയോഗിച്ച് ശിവശങ്കര്‍ കേസ് അന്വേഷണം അട്ടിമറിക്കും എന്നാണ് ഇ.ഡി ഉയര്‍ത്തുന്ന പ്രധാന ആരോപണം.