കേരളം
ഏലം കർഷകരിൽ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പണപ്പിരിവ്; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി
ഇടുക്കിയിലെ ഏലം കർഷകരിൽ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പണപ്പിരിവ് നടത്തിയതിൽ അന്വേഷണം നടത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. വനം വിജിലൻസ് മേധാവി സംഭവം അന്വേഷിക്കും. ഉദ്യോസ്ഥർ അഴിമതി നടത്തിയാൽ മന്ത്രിയുടെ ഓഫീസിൽ നേരിട്ട് അറിയിക്കാം. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് വനം വകുപ്പ് പ്രിൻസിപ്പൽ കൺസർവേറ്റർ & ഹെഡ് ഫോറസ്റ്റ് ഫോഴ്സ് പി കെ കേശവൻ ഐ എഫ് എസി നെ മന്ത്രി എ കെ ശശീന്ദ്രൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. അന്വേഷണത്തിന് പൊലീസ് സേവനം ആവശ്യമെങ്കിൽ ഉപയോഗിക്കുമെന്നും മന്ത്രി അറിയിച്ചു. സിഎച്ച്ആർ നിയമം ആയുധമാക്കി വനം വകുപ്പ് ജീവനക്കാർ പണം പിരിവ് നടത്തുന്നുവെന്ന ഏലം കർഷകരുടെ പരാതി.
ഓണ ചെലവിനെന്ന് പറഞ്ഞ് ആയിരം മുതൽ പതിനായിരം രൂപ വരെയാണ് പിരിവ് വാങ്ങുന്നതെന്നാണ് കർഷകർ, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിന് പരാതി നൽകിയത്. സംഭവത്തിൽ പൊലീസ് സ്പെഷ്യൽ ബ്രാഞ്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ജീവനക്കാർക്ക് പണം കൈമാറുന്ന സിസിടിവി ദൃശ്യങ്ങൾ പരാതിക്കാർ സ്പെഷ്യൽ ബ്രാഞ്ചിന് കൈമാറി. കട്ടപ്പനക്കടുത്ത് പുളിയന്മലയിലുള്ള ഒരു ഏലത്തോട്ടമുടമയുടെ വീട്ടിൽ വനപാലകരെത്തി പണം വാങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. തിരിച്ചറിയാതിരിക്കാൻ മഫ്തിയിൽ ടാക്സി വാഹനങ്ങളിലെത്തിയാണ് പണപ്പിരിവ്. തോട്ടത്തിൻറെ വലിപ്പത്തിനനുസരിച്ചാണ് തുക.
ഇടുക്കിയിൽ ഏലത്തോട്ടങ്ങളുള്ള സ്ഥലത്തെല്ലാം ഓണം, ക്രിസ്മസ്, ദീപാവലി തുടങ്ങിയ വിശേഷ ദിവസങ്ങളിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പിരിവിനിറങ്ങുമെന്നാണ് കർഷകർ പരാതി. കാർഡമം ഹിൽ റിസർവിലെ നിയമങ്ങൾ ആയുധമാക്കിയാണ് പണപ്പിരിവ്. ഏലത്തിന് വിലയിടിഞ്ഞു നിൽക്കുന്ന സമയത്ത് നടത്തുന്ന നിയമ വിരുദ്ധ പിരിവ് സംബന്ധിച്ച് കാർഡമം ഗ്രോവേഴ്സ് അസ്സോസിയേഷൻ മുഖ്യ വനപാലകന് പരാതി നൽകി.
വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണ് പണപ്പിരിവെന്നും അക്ഷേപം ഉയർന്നിട്ടുണ്ട്. സംഭവം സംബന്ധിച്ച് പൊലീസ് സ്പെഷ്യൽ ബ്രാഞ്ചും വനംവകുപ്പും അന്വേഷണം ആരംഭിച്ചു. പരാതി ശരിയാണെന്നതിനുള്ള തെളിവുകൾ സ്പെഷ്യൽ ബ്രാഞ്ചിനു ലഭിച്ചിട്ടുണ്ട്.