കേരളം
തിങ്കളാഴ്ച ചക്രസ്തംഭന സമരം
കേരളത്തില്‍ ഇന്ധനനികുതി കുറയ്ക്കാത്ത സംസ്ഥാനസര്‍ക്കാര്‍ നടപടിക്കെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭത്തിന്. തിങ്കളാഴ്ച ചക്രസ്തംഭന സമരം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അറിയിച്ചു. രാവിലെ 11 മുതല്‍ 11.15 വരെ ജില്ലാ ആസ്ഥാനങ്ങളിലാണ് സമരം. ഗതാഗതക്കുരുക്ക് ഉണ്ടാകില്ലെന്ന് കെ സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നികുതി കുറയ്ക്കുമെന്നും കെ സുധാകരന്‍ അറിയിച്ചു.
പ്രതിവര്‍ഷം 2000 കോടി രൂപയുടെ അധിക വരുമാനമാണ് നികുതി വര്‍ധനവിലൂടെ സര്‍ക്കാര്‍ വാങ്ങിയത്. നാളിതുവരെ 18,000 കോടി രൂപ ഇന്ധനത്തിന്റെ നികുതി വരുമാനമായി സര്‍ക്കാരിന് കിട്ടിയിട്ടുണ്ട്. ധനമന്ത്രിയുടെ വൈദഗ്ധ്യമോ തത്വശാസ്ത്രമോ അല്ല ജനങ്ങള്‍ക്ക് ആവശ്യം. പ്രായോഗിതതലത്തില്‍ ജനങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ ഇടതുസര്‍ക്കാരിന് താല്‍പ്പര്യമുണ്ടോ ഇല്ലയോ എന്നതാണെന്ന് കെ സുധാകരന്‍ പറഞ്ഞു.
നാമമാത്രമായി ഒരു മാറ്റമുണ്ടാക്കി ജനങ്ങളുടെ രോക്ഷത്തില്‍ നിന്നും രക്ഷപ്പെടാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ ശ്രമമായിട്ട് മാത്രമേ ഇന്ധനവില കുറച്ചതിനെ കാണാന്‍ കഴിയൂ. കേരളത്തിലെ ജനങ്ങള്‍ കേന്ദ്രസര്‍ക്കാരിനേക്കാളേറെ സംസ്ഥാന സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിച്ചു. എന്നാല്‍ എല്ലാവരെയും നിരാശരാക്കിയാണ് നികുതി കുറയ്ക്കില്ലെന്ന് വാശിയോടെ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് പറയുന്നത്.
ജനങ്ങളെ കൊള്ളയടിച്ച് പണം മുഴുവന്‍ ധൂര്‍ത്ത് അടിച്ചു തീര്‍ക്കുന്ന നടപടി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു. ഇന്ധന വില വര്‍ധനയ്‌ക്കെതിരെ എറണാകുളം ഡിസിസി ദേശീയ പാത ഉപരോധിച്ച് സമരം സംഘടിപ്പിച്ചിരുന്നു. സമരത്തിനിടെ നടന്‍ ജോജു ജോര്‍ജ് പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സമരം വിവാദമായി മാറിയിരുന്നു.