കേരളം
ഇന്ധന നികുതി കുറക്കേണ്ടെന്ന് സിപിഎം
പെട്രോളിനും ഡീസലിനും മുകളിലുള്ള സംസ്ഥാന നികുതി കുറയ്‌ക്കേണ്ടെന്ന് സിപിഎം. സിപിഎം സംസ്ഥാന സമിതിയുടെ ഇന്ന് ചേർന്ന യോഗത്തിലാണ് തീരുമാനം. ജനജീവിതം ഇന്ധന വില വർധനവിൽ പൊറുതിമുട്ടിയിരിക്കെ കേന്ദ്ര തീരുമാനത്തെ തുടർന്ന് വിവിധ സംസ്ഥാനങ്ങൾ വില കുറച്ചിരുന്നു. എന്നാൽ ഒന്നാം പിണറായി സർക്കാർ അധികാരമേറ്റ ശേഷം ഇതുവരെ സംസ്ഥാനം നികുതി വർധിപ്പിച്ചിട്ടില്ലെന്ന ന്യായവാദത്തിൽ തന്നെയാണ് സിപിഎമ്മും നിൽക്കുന്നത്.
പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷം ഇതുവരെ കേരള സർക്കാർ ഇന്ധനത്തിന് മുകളിലെ സംസ്ഥാന വാറ്റ് കൂട്ടിയിട്ടില്ലെന്ന് ജനത്തെ ബോധ്യപ്പെടുത്താനാണ് സിപിഎമ്മിന്റെ തീരുമാനം. ഇപ്പോഴത്തെ സാഹചര്യം വിശദീകരിക്കാനും സംസ്ഥാന നിലപാട് ജനത്തെ ബോധ്യപ്പെടുത്താനുമായി ധനമന്ത്രി കെഎൻ ബാലഗോപാലിനെ പാർട്ടി സംസ്ഥാന കമ്മിറ്റി യോഗം ചുമതലപ്പെടുത്തി.
പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ച് കേന്ദ്ര സർക്കാർ നടപടി പോക്കറ്റടിക്കാരന്റെ ന്യായം മാത്രമെന്ന് നേരത്തെ ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞിരുന്നു. ഇന്ധന നികുതിയിൽ നിന്നുള്ള വരുമാനം വെച്ചാണ് സംസ്ഥാനം പെൻഷനും ശമ്പളവുമടക്കമുള്ള ചെലവുകൾക്ക് പണം കണ്ടെത്തുന്നത്. നികുതി കുറയ്ക്കാനാവില്ലെന്നും കേരളം ആറ് വർഷത്തിനിടെ നികുതി വർധിപ്പിച്ചിട്ടില്ലെന്നും പറഞ്ഞ മന്ത്രി കൂട്ടിയ നികുതിയാണ് മറ്റ് സംസ്ഥാനങ്ങൾ കുറയ്ക്കുന്നതെന്നും പറഞ്ഞിരുന്നു.
‘മോദി സർക്കാർ 2014 ൽ അധികാരത്തിലെത്തുമ്പോൾ 9.48 രൂപയായിരുന്നു എക്സൈസ് നികുതി. അത് പിന്നീട് 32 രൂപ വരെ വർധിപ്പിച്ച് 10 രൂപ കുറക്കുകയാണ് ചെയ്തത്. പോക്കറ്റിലെ കാശ് മുഴുവൻ തട്ടിപ്പറിച്ച് വണ്ടിക്കൂലി തരുന്ന പോക്കറ്റടിക്കാരന്റെ ന്യായമാണ് കേന്ദ്ര സർക്കാരിന്റേത്. കേരളം ആനുപാതികമായി വില കുറച്ചിട്ടുണ്ട്. ഇക്കാര്യം ഗൗരവമായി കാണണം. ഇപ്പോൾ കേന്ദ്രം കുറച്ചതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്ക് വില കുറയ്ക്കാനാകില്ല,’- മന്ത്രി പറഞ്ഞു.
കോവിഡിന്റെ അടക്കം വലിയ ബാധ്യത സംസ്ഥാനത്തിന് ഉണ്ടെന്നതാണ് സംസ്ഥാന സർക്കാരും പാർട്ടിയും ഇന്ധന വില കുറയ്ക്കാതിരിക്കാൻ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ തുടർന്ന് തന്നെ സംസ്ഥാനത്ത് ഇപ്പോൾ വില കുറഞ്ഞിട്ടുണ്ട്. മുഖം മിനുക്കാനുള്ള പരിപാടിയാണ് ഇപ്പോൾ കേന്ദ്രത്തിന്റേതെന്നും മന്ത്രി പറഞ്ഞു.
നിലവിൽ സംസ്ഥാന വാറ്റ് പെട്രോൾ വിലയിൽ 26 രൂപയ്ക്ക് മുകളിലുണ്ട്. ആനുപാതികമായ വർധനവ് ഇന്ധന വില വർധിപ്പിച്ചപ്പോഴെല്ലാം ഇതിലുണ്ടായിരുന്നു. ഇതിൽ ആനുപാതികമായ കുറവ് ഇപ്പോൾ കേന്ദ്രം വില കുറച്ചതോടെ ഉണ്ടായിട്ടുണ്ട്. എന്നാൽ ഒരു രൂപ പോലും കുറയ്ക്കില്ലെന്ന നിലപാടിലാണ് ധനമന്ത്രി. അതേസമയം കടുത്ത വിമർശനം മറുഭാഗത്ത് ഉയരുമ്പോൾ സർക്കാരിന് വില കുറയ്ക്കേണ്ടി തന്നെ വന്നേക്കും.