കേരളം
ഇന്ധന സെസില്‍ സമരം കടുപ്പിച്ച് പ്രതിപക്ഷം; നിയമസഭയിലേക്ക് എംഎല്‍എമാരുടെ പ്രതിഷേധ നടത്തം
ഇന്ധന സെസ് കുറയ്ക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. പ്രതിഷേധസൂചകമായി പ്രതിപക്ഷ എംഎല്‍എമാര്‍ ഇന്ന് നടന്നാണ് നിയമസഭയിലേക്കെത്തുക. എംഎല്‍എ ഹോസ്റ്റല്‍ മുതല്‍ നിയമസഭ വരെയായിരിക്കും പ്രതിഷേധ നടത്തം. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കും.
ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണ് ബജറ്റ്. അതുകൊണ്ട് പ്രതിപക്ഷം സമരം തുടരുമെന്നും വി ഡി സതീശന്‍ പറഞ്ഞു. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അനാസ്ഥയും ജനങ്ങളില്‍ എത്തിക്കുന്നതിനുള്ള സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് യുഡിഎഫിന്റെ തീരുമാനം. ഈ മാസം 13, 14 തീയതികളില്‍ എല്ലാ ജില്ലകളിലും യുഡിഎഫ് രാപകല്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്.
നിയമസഭയിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മുന്നോട്ടു പോകും. സെസിനെതിരെ യുഡിഎഫ് എംഎൽഎമാർ നിയമസഭാ കവാടത്തിൽ സമരം തുടരുകയാണ്. പ്രതിപക്ഷം സമരം ചെയ്യുന്നതുകൊണ്ടും ഭരണപക്ഷം പ്രതിക്കൂട്ടില്‍ നില്‍ക്കുന്നതുകൊണ്ടും ഒരു കാരണവശാലും നികുതി നിര്‍ദേശങ്ങള്‍ പിന്‍വലിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പിടിവാശിയാണ് ഈ നികുതി നിര്‍ദേശം പിന്‍വലിക്കാതിരിക്കാനുള്ള പ്രധാനകാരണമെന്ന് സതീശന്‍ പറഞ്ഞു.