കേരളം
കുടിശിക തീർക്കാൻ നടപടിയില്ല; എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സൗജന്യ ചികിത്സയും മരുന്നും മുടങ്ങിയേക്കും
കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സൗജന്യ ചികിത്സയും മരുന്നും മുടങ്ങുമെന്ന് ആശങ്ക. തുക കുടിശിക ആയതോടെ നീതി സ്റ്റോറുകള്‍ മരുന്ന് നല്‍കുന്നത് പലയിടത്തും നിര്‍ത്തിക്കഴിഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് ദേശീയ ആരോഗ്യ ദൗത്യം പദ്ധതി വഴിയായിരുന്നു സൗജന്യ മരുന്ന് വിതരണവും ചികിത്സാ സഹായവും നല്‍കിയിരുന്നത്.
2022 മുതല്‍ ഇത് നിര്‍ത്തി. ഇതോടെ കാസര്‍കോട് വികസന പാക്കേജില്‍ ഉൾപ്പെടുത്തി സഹായം നല്കാന് തീരുമാനിച്ചു. പക്ഷേ ഇതുവരെ സാമ്പത്തിക അനുമതി ലഭിക്കാത്തതിനാല്‍ തുക നീക്കി വച്ചിട്ടില്ല.നീതി സ്റ്റോറുകളില്‍ ലക്ഷങ്ങളുടെ കുടിശികയാണിപ്പോള്‍. ഇതോടെ മരുന്ന് നല്‍കുന്നത് പലയിടത്തും നിര്‍ത്തി. നിലവില്‍ ഒരു കോടി രൂപ കുടിശികയുണ്ടെന്നാണ് വിവരം.
അയ്യായിരത്തില്‍ അധികം എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കാണ് ഇപ്പോള്‍ സൗജന്യ ചികിത്സയും മരുന്നും ലഭിക്കുന്നത്. ഈ മാസം കഴിയുന്നതോടെ സാമ്പത്തിക അനുമതി കിട്ടിയില്ലെങ്കില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ സൗജന്യ ചികിത്സയും മരുന്നു വിതരണവും പൂര്‍ണ്ണമായും നിലയ്ക്കും.